ഒാഖിക്ക് ശേഷം രണ്ട് പ്രളയം. പിന്നെ നിപ്പ വന്നു. എന്നിട്ടും നമ്മൾ ഒന്നും പഠിച്ചില്ല. ഇപ്പോൾ ഇതാ കൊവിഡ്. എല്ലാവരും പ്രധാനമന്ത്രി പറഞ്ഞതുപോലെ ഇരുന്നിടത്ത് തന്നെ. ആരും അനങ്ങിയില്ല. അനങ്ങിയവർക്ക് പൊലീസിന്റെ വക നന്നായി കിട്ടി. പിന്നാലെ ക്വാറന്റൈനും. എന്നാൽ, ഇൗ ലോക്ക് ഡൗൺ കൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്തെല്ലാമാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? രണ്ടും മൂന്നും ഏക്കറിൽ വിശാലമായ തോട്ടവും വീടും ഉള്ളവർക്ക് ഇൗ നിയന്ത്രണം ബുദ്ധിമുട്ട് ഉണ്ടാക്കില്ല. എന്നാൽ ഒന്നര സെന്റിലെ ഇടുങ്ങിയ വീട്ടിൽ അഞ്ചു പേരുമായി കഴിയുന്ന ഒരു കുടുംബത്തിന്റെ കാര്യം ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വയനാട്ടിലെ വൈത്തിരി വില്ലേജ് റിസോർട്ട് ഉടമ എൻ.കെ. മുഹമ്മദ് കൊവിഡ് കാലത്തെ നോക്കിക്കാണുന്നത് ഇങ്ങനെയാണ്. മുഹമ്മദ് അങ്ങനെ വെറുതെ ഒന്നും പറയില്ല. എല്ലാത്തിനും കാര്യ കാരണങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഇൗ എഴുപത്തിയാറുകാരന്റെ അഭിപ്രായത്തെ ആരും വെറുതേയങ്ങ് തള്ളിക്കളയില്ല.
കൊവിഡ് കാലത്ത്
പഠിക്കാനുണ്ട്
പ്രകൃതിയിലേക്ക് മടങ്ങാനുള്ള ഒരു ത്വര കൊവിഡ് കാലം മനസിലുണ്ടാക്കുന്നുണ്ട്. എല്ലാം വെട്ടിപ്പിടിക്കാനുള്ള മനുഷ്യന്റെ ആർത്തി ഉപേക്ഷിച്ചേ പറ്റൂ എന്ന് ഇത് പഠിപ്പിക്കുന്നുവെന്ന് പറയുന്ന എൻ.കെ. മുഹമ്മദ് എന്ന വ്യവസായ പ്രമുഖൻ, വൈത്തരി വില്ലേജ് റിസോർട്ടും ഒാറിയന്റൽ കോളേജും എല്ലാം തത്‌കാലത്തേക്ക് മനസിൽ നിന്ന് മാറ്റി കൽപ്പറ്റയ്ക്കടുത്തുള്ള കോട്ടത്തറയിൽ അടുത്തിടെ വാങ്ങിയ ആറ് ഏക്ക ഭൂമിയിലാണുള്ളത്. അവിടെ ഒരു കർഷകന് ഇൗ കൊവിഡ് കാലത്ത് എന്തെല്ലാം ചെയ്യാനാകുമെന്ന് കാണിച്ചുതരികയാണ് അദ്ദേഹം.
ഉപ്പ കർഷകനും ബിസിനസുകാരനുമായിരുന്നു. അതുകൊണ്ടുതന്നെ കൃഷിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു. വിഷം തീണ്ടാത്ത വിവിധതരം പച്ചക്കറികൾ, കരുമുളക്, ഇഞ്ചി തുടങ്ങിയ വിളകൾ. ഇതെല്ലാം കാണുമ്പോൾ മനസിന് തന്നെ ഒരു സുഖം. ഒരു ടെൻഷനുമില്ല; തെളിഞ്ഞ ചിരിയാേടെ അദ്ദേഹം പറയുന്നു.
ചുരം കയറി
കൊവിഡ് വരില്ല
വയനാട്ടിലാണ് ഏറ്റവും നല്ല ഒാക്സിജൻ ലഭിക്കുന്നത്. അതു കൊണ്ടാണ് ചുരം കയറി വയനാട്ടിലേക്ക് കൊവിഡ് വരാത്തത്. വയനാട്ടിലെ ജനസംഖ്യ പത്തു ലക്ഷത്തോളമുണ്ട്. അതിൽ പതിനെട്ട് ശതമാനവും ആദിവാസികളാണ്. ഇവരിൽ ആർക്കെങ്കിലും കൊവിഡ് ഉണ്ടോ? വർഷകാലത്ത് കറച്ചു ബുദ്ധിമുട്ടുകളുണ്ട്. വെള്ളപ്പൊക്കം തുടങ്ങിയവ. അത്രമാത്രം. ഇതു പോലൊരു രോഗം ഞാൻ ഇതുവരെ കണ്ടിട്ടില്ല. വസൂരി എന്താണെന്നറിയാം. എന്റെ മരിച്ചു പോയ സഹോദരി ആയിഷയ്ക്ക് വസൂരി പിടിച്ചു. എല്ലാർക്കും അടുത്തേക്ക് പോകാൻ പേടി. ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ പോലും ആരുമില്ലാത്ത അവസ്ഥ. പക്ഷേ പതറിയില്ല ഞാൻ. ഭക്ഷണവുമായി സഹോദരിയുടെ അടുത്തേക്ക് പോയി, ഭക്ഷണം കൊടുത്തു.
കൊറോണയെ
സൂക്ഷിക്കണം
കൊറോണ അങ്ങനെയല്ല, സൂക്ഷിക്കണം. ലോകം മുഴുവൻ പടർന്ന് പിടിച്ച ഇൗ മഹാമാരി പെട്ടൊന്നൊന്നും പോകില്ല. ചിലപ്പോൾ പ്രതിരോധ മരുന്നുപോലും കണ്ടു പിടിക്കാൻ കഴിഞ്ഞെന്ന് വരില്ല. ഇപ്പോൾ എല്ലാവരും വീട്ടിലൊതുങ്ങി. പക്ഷെ ജനസംഖ്യ കൂടുമെന്ന കാര്യം എത്ര പേർ ചിന്തിക്കുന്നു? അതാണ് ഉണ്ടാകാൻ പോകുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിനടുത്താണ് സ്വന്തം വീട്. നോക്കിയാൽ കാണാം മോർച്ചറി. ശവങ്ങൾ ഇപ്പോഴില്ല. മെഡിക്കൽ കോളേജിലെ വാർഡുകളും ഒഴിഞ്ഞുകിടക്കുകയാണ്. കൊവിഡ് രോഗമല്ലാതെ മറ്റു രോഗം ബാധിച്ച് എത്തുന്നവർ ഇല്ലെന്നു തന്നെ പറയാം. എവിടെപ്പോയി ഇൗ രോഗങ്ങളൊക്കെ? പണവും വാഹനം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ടെങ്കിൽ രോഗങ്ങളും ഉണ്ടാകും. ഇപ്പോൾ ആർഭാടങ്ങളൊന്നുമില്ല, രോഗവുമില്ല; എൻ.കെ. മുഹമ്മദ് പറയുന്നു.
പ്രിയപ്പെട്ടവനായിരുന്നു
ജോയി അറയ്ക്കൽ
ജീവിക്കാൻ വേണ്ടി പല വേഷങ്ങളും കെട്ടി. 2004 മുതൽ 10വരെ ഗൾഫിലായിരുന്നു. റിയൽ എസ്റ്റേറ്റ്, ടൂറിസം ബിസിനസുകൾ ചെയ്തു. എട്ട് മില്യൺ (പതിനാറ് കോടി) നഷ്ടം വന്നപ്പോൾ പിന്നെ അവിടെ നിന്നില്ല. ഇപ്പോൾ ദുബായിൽ വച്ച് വയനാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവനായ ജോയി അറയ്ക്കൽ മരിച്ചിരിക്കുന്നു. നല്ല മനുഷ്യനാണ് ജോയി. എല്ലാവർക്കും വാരിക്കോരി കൊടുത്തു. പ്രസിദ്ധിയല്ല ആഗ്രഹിച്ചത്. മറ്റുള്ളവരുടെ വിഷമം കണ്ടു കൊണ്ടുള്ള പരസഹായം. മിടുക്കനായിരുന്നു ജോയി. ജോയിക്ക് കോടികളുടെ ആസ്തി ഉണ്ട്. പക്ഷേ പിടിത്തം വിട്ടാൽ പിന്നെന്ത് ചെയ്യും? നല്ലൊരു മനസിന്റെ ഉടമയായ പ്രവാസിയെ നഷ്ടമായി. വയനാടിന് കനത്ത നഷ്ടമാണ്.
ഇത് പരിശുദ്ധ റംസാൻ മാസമാണ്. നൂറ്റി നാല് വയസു കഴിഞ്ഞ ഉമ്മ ഇരിഞ്ഞാലക്കുടയിലുണ്ട്. ഒന്നു പോയി കാണണമെന്നുണ്ട്. ആഴ്ചയിൽ ഒരു ദിവസം വച്ച് കോഴിക്കോട്ടെ സ്വന്തം വീട്ടിൽ പോയിരുന്നതാണ്. ഇപ്പോൾ രണ്ട് മാസമായി അതുമില്ല. റംസാൻ മാസത്തിൽ അടങ്ങിയൊതുങ്ങി വിശ്വാസവുമൊക്കെയായി കഴിയുന്നതിലും ഒരു സുഖമുണ്ട്.
കഴിവുറ്റ
മുഖ്യമന്ത്രി
കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാൽ പിണറായി വിജയനാണെന്ന് പറയാനാണ് എനിക്ക് ആഗ്രഹം. ഇൗ കൊവിഡ് കാലത്ത് അദ്ദേഹം അത് തെളിയിച്ചു. അതു പോലെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയേയും ബഹുമാനിക്കണം. പിന്നെ ഇതുപോലെ കഴിവ് കണ്ടത് ലീഡർ കെ. കരുണാകരനിലാണെന്ന് എൻ.കെ. മുഹമ്മദ് പറയുന്നു.
വൈത്തരി വില്ലേജ് റിസോർട്ടിലും ഒാറിയന്റൽ കോളേജിലുമായി അഞ്ഞൂറോളം ജീവനക്കാരുണ്ട്. ഇത്രയും പേരുടെ ക്ഷേമം എൻ.കെ. മുഹമ്മദിന്റെ ചുമലിലാണ്. ഇതേവരെ ആരെയും ബുദ്ധിമുട്ടിച്ചിട്ടില്ല. ഇപ്പോൾ ഇൗ കൊവിഡ് കാലത്തും കുറച്ച് ജീവനക്കാർക്കൊപ്പം നല്ല ചിന്തകളും നല്ല പ്രവൃത്തികളുമായി എൻ.കെ. മുഹമ്മദ് കഴിച്ചു കൂട്ടുന്നു.
കുടുംബം
1944 ജൂലായി 15ന് ജനനം. പിതാവ് നമ്പിപൊന്നിലത്ത് കുഞ്ഞമ്മു. മാതാവ് കദിയ. ഭാര്യ: ഡോ. ഐഷാബി.
മക്കൾ: ഡോ. തസ്നിം, ഡോ. സഫ്രീന, വിന്നി. മരുമക്കൾ: ഡോ. അഷറഫ്, ഡോ. അഹമ്മദ് മിസ്വാർ, സിദ്ധാർത്ഥ്. 1999വരെ പി.ഡബ്ള്യു.ഡി. എൻജിനിയറായിരുന്നു.