മാനന്തവാടി: നാടിനെ ദു:ഖത്തിലാഴ്ത്തി അറക്കൽ പാലസിൽ രാജാവ് മടങ്ങിയെത്തി. ആളും ആരവവും ഉണ്ടായില്ല. ഉച്ചത്തിൽ കരയാൻപോലുമാകാതെ അടുത്ത ബന്ധുക്കളായ പതിനഞ്ചോളം മാത്രം. ലോക്ക്ഡൗണിന്റെ ഭാഗമായി പാലസും പരിസരവും കനത്ത പൊലീസ് കാവലിലായിരുന്നു.
കഴിഞ്ഞ ജനുവരി ഒന്നിനാണ് ഇവിടെ നിന്ന് ഗൾഫിലെ സ്വന്തം ബിസിനസ് സാമ്രാജ്യത്തിലേക്ക് അറക്കൽ ജോയി പോയത്. ഇന്നലെ അർദ്ധരാത്രിയോടെ അദ്ദേഹത്തിന്റെ മൃതദേഹം പാലസിൽ എത്തി. ഒരു വർഷം മുമ്പാണ് അറക്കൽ പാലസിന്റെ ഗൃഹപ്രവേശനം നടന്നത്. നാട്ടിലെ മുഴുവൻ പേരെയും വിളിച്ച് വരുത്തി കേമമായിട്ടായിരുന്നു ഗൃഹപ്രവേശം. കേരളത്തിലെ തന്നെ ഏറ്റവും വലിയ വീടാണ് ജോയി പണിതത്. കഴിഞ്ഞ പ്രളയകാലത്ത് വെളളപ്പൊക്കത്തിൽ പ്രയാസപ്പെട്ടവർക്കായി ഈ വലിയ വീട് തുറന്നിട്ടു.
സഹായം ചോദിച്ച് വരുന്നവരെ നിരാശരായി മടക്കി അയക്കരുതെന്നായിരുന്നു ജോയി വീട്ടുകാർക്ക് നിർദ്ദേശം നൽകിയിരുന്നത്. ഇല്ലായ്മയിൽ നിന്ന് വളർന്ന് വന്ന ജോയി ജീവകാരുണ്യ പ്രവർത്തനം മുഖമുദ്രയാക്കി.
വലിയൊരു സുഹൃദ് ബന്ധത്തിന് ഉടമയുമായിരുന്നു ജോയി. ജോയി നാട്ടിലെത്തിയാൽ ആളുകൾ ഏറെ കാണാനെത്തും. നിരവധി പേർ ജോയിയുടെ കാരുണ്യം കൊണ്ട് മഴ നനയാതെ അന്തിയുറങ്ങുന്നുണ്ട്.
എന്നാൽ തങ്ങളുടെ പ്രിയപ്പെട്ട ജോയിയെ ഒരു നോക്ക് കാണാൻ ആർക്കും പറ്റിയില്ല. ഇന്ന് കാലത്ത് ഏഴ് മണിയോടെ കണിയാരം കത്തീഡ്രൽ സെമിത്തേരിയിലാണ് ശവസംസ്ക്കാര ചടങ്ങുകൾ. പളളിയിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.