കൊവിഡ് പ്രതിസന്ധിയിലും ഡോ. പൈലി തിരക്കിലാണ്
ആലപ്പുഴ: 'ഹൃദ്രോഗ ബാധിതനാണ്. അസുഖം കൂടിയാൽ ഉടൻ പരിശോധന നിറുത്തിവെയ്ക്കും. ദയവായി ക്ഷമിക്കണം. എന്നെയുംകൂടി നോക്കണമെന്നു പറഞ്ഞ് ആരും നിർബന്ധിക്കരുത്...'
ആലപ്പുഴ ജനറൽ ആശുപത്രിക്ക് കിഴക്ക് പാലസ് വാർഡ് പുത്തൻപുരയ്ക്കൽ വീട്ടിൽ ഡോ. പൈലി, വീട്ടിലെ പരിശോധനാ മുറിയുടെ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ഈ ബോർഡ് വായിക്കുമ്പോൾ ചികിത്സയ്ക്കെത്തുന്ന രോഗികളുടെ മുഖത്തൊരു ചിരിവിടരും; 88 വയസിന്റെ 'ചെറുപ്പ'ത്തിലും ചികിത്സ തുടരുന്ന ഡോക്ടറുടെ കരുതലിനെയോർത്ത്. കൊവിഡും ലോക്ക്ഡൗണും സംയുക്തമായി സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും തന്നെ തേടിയെത്തുന്ന രോഗികൾക്ക് ഭിത്തിയിലെ മുന്നറിയിപ്പ് ബോർഡിന്റെ പിന്നിലിരുന്ന് പാരമ്പര്യത്തിന്റെ കൈപ്പുണ്യം പകർന്നുകൊടുക്കുകയാണ് ത്വക്- ലൈംഗിക രോഗ വിദഗ്ദ്ധനായ പൈലി ഡോക്ടർ.
മൂവാറ്റുപുഴയിലെ കർഷകർ കുടുംബാംഗമായ പൈലിയെ തേടി വിദൂര ജില്ലകളിൽ നിന്നുപോലും രോഗികൾ വീട്ടിലെത്തുന്നുണ്ട്. ലോക്ക്ഡൗണിന്റെ ആദ്യ രണ്ടാഴ്ച പരിശോധന പൂർണ്ണമായി നിറുത്തിവച്ചിരുന്നു. ആദ്യമായിട്ടാണ് ഇങ്ങനൊരു സാഹചര്യം. ദിവസം ഒരാളെയെങ്കിലും പരിശോധിച്ചില്ലെങ്കിൽ ഡോക്ടർക്ക് ഉറക്കം വരില്ല. നിശ്ചിത പ്രതിഫലം തീരുമാനിച്ചിട്ടില്ല, കൈയിലുള്ളത് കൊടുക്കാം. കൊടുക്കാതെയുമിരിക്കാം. പരിഭവമില്ല. സാമ്പത്തികശേഷി കുറഞ്ഞവരാണെന്ന് കണ്ടാൽ മരുന്ന് സൗജന്യം. പ്രതിദിനം രാവിലെയും വൈകിട്ടുമായി 50 പേരെങ്കിലും ചികിത്സയ്ക്ക് എത്താറുണ്ട്. 'ഭിഷഗ്വരരത്ന' പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും ഡോക്ടറെ തേടിയെത്തി.
തുടക്കം
1958ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പാസായ ഡോ. പൈലി 1960ൽ തിരുവനന്തപുരത്ത് ഹെൽത്ത് സർവീസിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറി. 1968ൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ ത്വക് രോഗ വിഭാഗം ആരംഭിക്കാനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഡെപ്യൂട്ടേഷനിൽ നിയോഗിക്കപ്പെട്ടു. 1989 വരെയുള്ള 21 വർഷം ആലപ്പുഴയിൽ സേവനം ചെയ്ത ശേഷം വിരമിച്ചു.
തിളങ്ങിയത് ആലപ്പുഴയിൽ
1963ൽ മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് വെനിറിയൽ ഡിസിസ് (വി.ഡി),1966ൽ പാറ്റ്‌ന മെഡിക്കൽ കോളേജിൽ നിന്ന് എം.ഡി എന്നീ ഉന്നതബിരുദങ്ങൾ നേടിയ ഡോ.പൈലി തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രൊഫസറും, ഡയറക്ടറുമായിരിക്കെയാണ് വിരമിച്ചത്. ആലപ്പുഴയിൽ ഡയറക്ടറും പ്രൊഫസറുമായി മുമ്പും ശേഷവും മറ്റാർക്കും അവസരം കിട്ടിയിട്ടില്ല.