chikoos-sivan

 കുട്ടിക്കൂട്ടത്തെ മിസ് ചെയ്ത് ചിത്രകാരൻ ചിക്കൂസ് ശിവൻ

ആലപ്പുഴ: കളികൾക്കു വിലക്കുവീണ ഈ അവധിക്കാലത്തെ പഴിച്ച് ശ്വാസംമുട്ടി വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങളെപോലെ, തെല്ലും താത്പര്യമില്ലാത്ത 'അവധിക്കാല വിശ്രമ'ത്തിലാണ് ചിത്രകാരനും കുട്ടികളുടെ കളിക്കൂട്ടുകാരനുമായ ചിക്കൂസ് ശിവൻ. 35 വർഷത്തിനിടെ ആദ്യമായി അവധിക്കാലം കുട്ടി കൂട്ടൂകാർക്കൊപ്പം ചെലവിടാൻ കഴിയാത്ത വിഷമത്തിൽ ആലപ്പുഴ അവലൂക്കുന്നിലെ ചിക്കൂസ് വീട്ടിൽ ലോക്ക് ഡൗൺ ദിനങ്ങൾ എണ്ണിയെണ്ണി ഇരിക്കുകയാണ് ഇദ്ദേഹം.

1984ൽ ആണ് സംസ്ഥാനത്ത് തന്നെ ആദ്യമായി കുട്ടികൾക്കുവേണ്ടി ഒരു തിയറ്റർ ഒരുക്കുന്നത്. 'ചിക്കൂസ് കളിയരങ്ങ്' എന്ന പേരിൽ കേവലം രണ്ടു കുട്ടികളുമായി ആരംഭിച്ച പരിപാടി ഇന്ന് കേരളം കടന്ന് വിദേശത്തും വേരുറപ്പിച്ചു. ആലപ്പുഴയിൽ എല്ലാവർഷവും ഏപ്രിൽ ഒന്ന് മുതൽ മേയ് 15 വരെയും വിദേശങ്ങളിൽ ജൂലായ്, ആഗസ്റ്റ് മാസങ്ങളിലുമാണ് അരങ്ങ് നടത്തുന്നത്. ഇളയമകൻ ചിക്കുവിനും കൂട്ടുകാരൻ സുനിലിനും ചിത്രരചനയിലെ ബാലപാഠങ്ങൾ പകർന്നുകൊണ്ടാണ് കളിയരങ്ങ് ആരംഭിച്ചത്. തുടർന്ന് ഈ അരങ്ങിലെത്തുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചു. വീട്ടിൽ ഉൾക്കൊള്ളാനാവാതെ വന്നതോടെ മൂന്നു വർഷങ്ങൾക്ക് ശേഷം കിടങ്ങാംപറമ്പ് സ്കൂളിലേക്ക് കളിയരങ്ങിന്റെ വേദി മാറ്റി. കുട്ടികളുടെ എണ്ണം പരമാവധി 150ലേക്ക് നിജപ്പെടുത്തി. ഈ വർഷവും രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചിരുന്നു. കൊവിഡ് എത്തിയതോടെ എല്ലാം തകിടം മറിഞ്ഞു.

പത്താം ക്ലാസിനു ശേഷം ആലപ്പുഴ സ്കൂൾ ഒഫ് ആർട്സിൽ നിന്നു ചിത്രകലയിൽ ഡിപ്ലോമയെടുത്ത ശിവൻ വർഷങ്ങളോളം കാക്കാഴം ടി.ടി.ഐയിൽ ചിത്രകലാ ആദ്ധ്യാപകനായിരുന്നു. കുട്ടികളുടെ ചിത്രകലയിലുള്ള അതിയായ താത്പര്യമാണ് കളിയരങ്ങിലേക്ക് നയിച്ചതെന്നും ശിവൻ പറയുന്നു. വർഷങ്ങൾ പിന്നിട്ടതോടെ കളിയരങ്ങിലെ വിഭവങ്ങളും വർദ്ധിച്ചു. നാടൻ പാട്ടും കരകൗശല നിർമ്മാണവും ഡാൻസും ചിത്രകലയും മിമിക്രിയും മോണോആക്ടുമെല്ലാം കളരിയിൽ ഇടം പിടിച്ചു. ഇന്ന് ശിവനൊപ്പം 14 അദ്ധ്യാപകരടങ്ങുന്ന ടീമുണ്ട്. ബഹ്റിൻ കേരളീയ സമാജം ഏർപ്പെടുത്തിയ പ്രഥമ ഗുരുപൂജാ പുരസ്കാരം കഴിഞ്ഞവർഷം ഇദ്ദേഹത്തിനാണ് ലഭിച്ചത്.

 ചിത്രരചന വാട്സാപ്പിൽ

കളിയരങ്ങിന് ലോക്ക് ഡൗൺ ബാധകമായെങ്കിലും അരങ്ങിലെ സ്ഥിരം പങ്കാളികൾക്ക് വാട്സാപ്പ് വഴി ചിത്രരചനയിലെ ബാലപാഠങ്ങൾ പകരുന്നുണ്ട്. ദിവസവും ചിത്രങ്ങൾ അയയ്ക്കും. ഏതാനും സ്കൂളുകളും ചിത്രങ്ങൾ ഏറ്റെടുത്ത് വിദ്യാർത്ഥികൾക്ക് അയയ്ക്കുന്നുണ്ട്. കുട്ടികൾ വരച്ച് തിരിച്ചയയ്ക്കുന്ന ചിത്രങ്ങളാണ് ലോക്ക് ഡൗൺ വിരസതയിൽ ആശ്വാസമാകുന്നതെന്ന് ചിക്കൂസ് ശിവൻ പറയുന്നു. പത്ത് മാസം പുസ്തകങ്ങളിൽ ജീവിച്ച കുഞ്ഞുങ്ങൾക്ക് പുറം ലോകത്തേക്കുള്ള വാതായനമാണ് കളിയരങ്ങുകൾ. ഈ വർഷം ഇങ്ങനെ പോട്ടെ. അടുത്തവർഷം നമുക്ക് ഉഷാറാക്കാം... ചിക്കൂർ ശിവൻ പറയുന്നു. രാജിയാണ് ഭാര്യ. മക്കൾ: ആശിഷ്, ചിക്കു