കുട്ടനാട്: സഹപ്രവർത്തകരായ ഏഴുപേർ തന്നെ വിട്ടുപിരിഞ്ഞത് ഇതുവരെ അറിഞ്ഞിട്ടില്ല സിദ്ധാർത്ഥൻ. അന്നു സംഭവിച്ചതൊക്കെ നടുക്കുന്ന ഓർമ്മകളാണ് മനസിൽ. പുളിങ്കുന്നിൽ അനധികൃത പടക്കനിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്ളാസ്റ്റിക് സർജറി ഉൾപ്പെടയുള്ള ചികിത്സകൾ നടത്തി പുളിങ്കുന്ന് കായൽപ്പുറം മുളവനക്കുന്നിൽ സിദ്ധാർത്ഥൻ (64) വീട്ടിൽ മടങ്ങിയെത്തിയിട്ട് ഏതാനും ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ഏഴു പേരാണ് അപകടത്തിൽ മരിച്ചത്. പുളിങ്കുന്ന് സ്വദേശികളായ പുത്തൻപുരയിൽ വി ഷീലയും (48) തോട്ടത്തറവീട്ടിൽ ഓമന വേണുവുമാണ് (49) രക്ഷപ്പെട്ട മറ്റ് രണ്ടുപേർ.
കഴിഞ്ഞ മാർച്ച് 20ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു പുളിങ്കുന്ന് പ്രദേശത്തെയാകെ നടുക്കിയ സ്ഫോടനം. പുരയ്ക്കൽ സെബാസ്റ്റ്യൻ ജേക്കബ്ബ് (ബിനോച്ചൻ), പി.വി. ആന്റണി (തങ്കച്ചൻ) എന്നിവരുടെ ഉടമസ്ഥതയിൽ തൊട്ടടുത്തായാണ് രണ്ടു പടക്കനിർമ്മാണശാലകളും പ്രവർത്തിച്ചിരുന്നത്. തങ്കച്ചന്റെ ഉടമസ്ഥയിലുള്ള കെട്ടിടത്തിലായിരുന്നു ആദ്യ സ്‌ഫോടനം. ഇവിടെയാണ് സിദ്ധാർത്ഥൻ കഴിഞ്ഞ 44 വർഷമായി ജോലി നോക്കിയിരുന്നത്. തങ്കച്ചന്റെ കെട്ടിടത്തിൽ നിന്നു പടർന്ന തീ പിന്നിട് ബിനോച്ചന്റെ പടക്കനിർമ്മാണശാലയിലേക്ക് പടരുകയും ആ കെട്ടിടം നിലം പതിക്കുകയുമായിരുന്നു. ഇവിടത്തെ തൊഴിലാളികളായ ഓമനയ്ക്കും ഷീലയ്ക്കും ശരീരം മുഴുവൻ മാരകമായി പൊള്ളലേറ്റു. ഏതാനും ദിവസം മുമ്പാണ് ഇവരും ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയത്.
വിറങ്ങലിച്ച നിമിഷങ്ങൾ
എന്താണ് സംഭവിച്ചതെന്ന് രക്ഷപ്പെട്ടവർക്ക് ഇപ്പോഴും ഓർത്തെടുക്കാനാവുന്നില്ല. സിദ്ധാർത്ഥൻ ഉച്ചയൂണ് കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ച് ഏതാനും നിമിഷങ്ങൾക്കുള്ളിലായിരുന്നു ഉഗ്രസ്‌ഫോടനം. കെട്ടിടത്തിനു പുറത്ത് പടക്കത്തിന് പശ തേച്ചു കൊണ്ടിരുന്നത് മാത്രമേ ഓർമ്മയുള്ളൂ.
ചികിത്സയ്ക്കും മറ്റുമായി വലിയൊരു തുക തന്നെ ചിലവഴിക്കേണ്ടി വന്നതിന്റെ കടുത്ത പ്രയാസത്തിലാണ് ഈ മൂന്ന് കുടുംബങ്ങളും. ഗ്രാമപഞ്ചായത്തിൽ നിന്നും ലഭിച്ച പതിനായിരം രൂപ ഒഴിച്ചാൽ കാര്യമായ മറ്റൊരു സഹായവും ഇവർക്ക് ഇതുവരെ ലഭിച്ചിട്ടില്ല.അവിവാഹിതയായ ഷീല ഇളയ സഹോദരൻ രാജുവിനൊപ്പവും ഓമന ആലപ്പുഴ ചന്ദനക്കാവിലുള്ള സഹോദരിയുടെ വീട്ടിലുമാണ് ഇപ്പോൾ കഴിയുന്നത്.