prjsh

എടത്വാ: കോവിഡ് ലോക്ക്ഡൗൺ 'ലംഘിച്ച്' പുറത്തിറങ്ങി ഭീഷണി സൃഷ്ടിക്കുന്ന ഇഴജന്തുക്കളിൽ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനൊപ്പം ഇവയെ സുരക്ഷിത കരങ്ങളിൽ എത്തിക്കുകയെന്ന ഉത്തരവാദിത്വം കൂടി ഏറ്റെടുക്കുന്ന പ്രജീഷിന് തിരക്കോടു തിരക്ക്. നാട്ടുകാർ വീട്ടിലിരിക്കെ നാടുകാണാനിറങ്ങിയ ഉഗ്ര വിഷമുള്ള സർപ്പങ്ങൾ ഉൾപ്പെടെ 37 ഇഴജന്തുക്കളെയാണ് ലോക്ക്ഡൗൺ കാലത്ത് തലവടി ചക്കുളം പട്ടരുപറമ്പിൽ പ്രജീഷ് പ്രസാദ് പിടികൂടി വനപാലകരെ ഏൽപ്പിച്ചത്.

ഒരുമാസത്തിനിടെ പത്തോളം ഉഗ്രവിഷമുള്ള മൂർഖൻ പാമ്പുകളും പ്രജീഷിന്റെ പിടിയിലായി. കഴിഞ്ഞ ദിവസം കുറ്റിക്കാട്ടുചിറ സുരേഷിന്റെ വീട്ടിൽ നിന്ന് പത്തടിയിലേറെ നീളമുള്ള പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. പാമ്പുകളുടെ മുട്ടവിരിയുന്ന മാസമായതിനാൽ പൊതുജനങ്ങൾ ജാഗ്രത കാട്ടണമെന്ന് പ്രജീഷ് പറയുന്നു. ഇതിനോടകം 375 ഓളം ഇഴജന്തുക്കളെ പ്രജീഷ് പിടികൂടിയിട്ടുണ്ട്. 2018ലെ പ്രളയ കാലത്തും 2019ലെ വെള്ളപ്പൊക്ക സമയത്തുമാണ് പ്രജീഷ് കൂടുതൽ പാമ്പുകളെ പിടികൂടിയത്. തലവടി, നിരണം, എടത്വ, മുട്ടാർ പഞ്ചായത്തുകളിൽ എവിടെയെങ്കിലും പാമ്പിനെ കണ്ടാലുടൻ നാട്ടുകാർ പ്രജീഷിനെ അറിയിക്കും. പ്രതിഫലം സ്വീകരിക്കാറില്ല. വാഹനസൗകര്യം മാത്രമാണ് ആവശ്യപ്പെടുന്നത്.

അപകടത്തിൽ പരിക്കേറ്റ നായ്ക്കളെ ചികിത്സിച്ച് സുഖപ്പെടുത്തി വിടാറുണ്ട് പ്രജീഷ്. കോന്നി സ്വദേശിയുടെ, കാലിന് പരിക്കേറ്റ കുതിരയെ വെറ്ററിനറി ഡോക്ടർ ചികിത്സിച്ച് പരാജയപ്പെട്ടതോടെ ഉപേക്ഷിച്ചെങ്കിലും ഈ കുതിരയെ സുഖപ്പെടുത്താന്‍ പ്രഷീഷിന് കഴിഞ്ഞിരുന്നു. ഇലക്‌ട്രോണിണ് ഉപകരണങ്ങൾ നന്നാക്കലാണ് തൊഴിൽ. ഫോൺ: 9633425591