തീയണച്ചത് മൂന്നര മണിക്കൂർ നീണ്ട പരിശ്രമത്തിൽ
ആലപ്പുഴ: കലവൂർ ആരാമം ജംഗ്ഷനു സമീപത്തെ തടി ഗോഡൗണിൽ കഴിഞ്ഞ 30ന് രാത്രി 11.30ഓടെ ഉണ്ടായ വൻ അഗ്നിബാധയിൽ 18 ലക്ഷം രൂപയുടെ തടികൾ കത്തിനശിച്ചു. ആലപ്പുഴ, ചേർത്തല ഫയർഫോഴ്സ് സംഘങ്ങൾ നടത്തിയ കഠിന പരിശ്രമങ്ങൾക്കൊടുവിൽ പുലർച്ചെ മൂന്നോടെയാണ് തീ അണച്ചത്.
ആലപ്പുഴ സക്കറിയ ബസാർ സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗൺ. ജംഗ്ഷന് സമീപം പാലത്തണൽ ബസ് സ്റ്റോപ്പിനടുത്തായിട്ടാണ് ഗോഡൗൺ പ്രവർത്തിക്കുന്നത്. വീട് നിർമ്മാണത്തിനാവശ്യമായ കട്ടിള, ജനൽ എന്നിവ നിർമ്മിച്ച് നൽകുന്ന വർക്ക്‌ഷോപ്പും അതിനോട് ചേർന്ന് സൂക്ഷിച്ചിരുന്ന വൻ തടി ശേഖരവുമാണ് അഗ്നിക്കിരയായത്. പഴയ കട്ടിള തടികളുടെ മദ്ധ്യഭാഗത്ത് നിന്നു കത്തിപ്പടർന്ന തീ വളരെ വേഗം വ്യാപിക്കുകയായിരുന്നു. അടുത്ത വീട്ടിൽ താമസിക്കുന്ന സന്തോഷ് ആണ് തീ പടരുന്നത് ആദ്യം കണ്ടത്. ഓടിയെത്തിയ നാട്ടുകാർ ഭീതിയിലായി. ഇതിനിടെ സന്തോഷിന്റെ ഭാര്യ സൗമ്യ ഫയർഫോഴ്‌സിൽ വിവരമറിയിച്ചു. വലിയ തീ പിടിത്തമാണെന്നു ബോദ്ധ്യമായതോടെ മൊബൈൽ ടാങ്ക് യൂണിറ്റ്, ഫോം ടെൻഡർ, 12,000 ലിറ്ററിലധികം ജലസംഭരണ ശേഷിയുള്ള വാട്ടർ ബ്രൗസർ തുടങ്ങിയ സന്നാഹങ്ങളോടെയാണ് ഫയർഫോഴ്സ് സംഘങ്ങളെത്തിയത്. ഫയർഫോഴ്സ് ജില്ലാ ഓഫീസർ കെ.ആർ.അഭിലാഷിന്റെ നേതൃത്വത്തിൽ വളരെ സാഹസികമായാണ് സേനാംഗങ്ങൾ രക്ഷാപ്രവർത്തനം ഏറ്റെടുത്തത്.
മേൽക്കൂരയില്ലാത്തതിനാൽ തടി നനയാതിരിക്കാൻ ഇരുമ്പു ഷീറ്റുകൾ ഇട്ട് മൂടി ആറടി ഉയരത്തിൽ അടുക്കിയിരുന്ന തടിയുടെ അടിത്തട്ടിലേക്കു വരെ തീ പടർന്നിരുന്നു. കത്തുന്ന തടികൾക്കിടയിലൂടെ ഗോഡൗണിനുള്ളിലേക്കു കമ്പിപ്പാര ഉപയോഗിച്ച് ഇരുമ്പ് ഷീറ്റുകൾ അടർത്തി മാറ്റിയശേഷമാണ് വെള്ളമടിച്ചത്. ഇതിനിടെ തടികൾ ഓരോന്നായി നീക്കം ചെയ്ത് ഉള്ളിൽ പടർന്ന തീയും തീക്കനലുകളും പൂർണ്ണമായി അണച്ചു. പ്രദേശത്തെ യുവാക്കളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.