dr-pushpalatha

ആലപ്പുഴ: ആതുര സേവന രംഗത്ത് 35 വർഷം പൂർത്തിയാക്കി, ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് പടിയിറങ്ങുമ്പോൾ ഡോ. പുഷ്പലതയുടെ മനസിൽ പൂർണ സംതൃപ്തിയാണ്. 'വിദ്യാർത്ഥികളുടെ പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ അങ്ങേയറ്റം പ്രോത്സാഹനം നൽകാൻ സാധിച്ചു. ഇനി ജൂനിയേഴ്സ് കടന്നുവരട്ടെ. അവർക്കുള്ള അവസരത്തിന്റെ സമയമാണിത്'- വിരമിക്കുന്നതിനെപ്പറ്റ് ചോദിച്ചപ്പോൾ ഡോ. പുഷ്പലതയുടെ അഭിപ്രായം ഇതായിരുന്നു.

തൃശൂർ സ്വദേശിയായ പുഷ്പലത 2017ലാണ് ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി ചുമതലയേറ്റത്. ലോക്ക് ഡൗൺ കാലത്ത് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. അവസാന ഡ്യൂട്ടി ദിനത്തിലും മീറ്റിംഗുകൾ ഉൾപ്പടെ വിളിച്ചു ചേ‌ർക്കുന്നതിലും പ്രതിരോധ സംവിധാനങ്ങൾ കൂട്ടിയിണക്കുന്നതിലും മുഖ്യപങ്കു വഹിച്ചു. കൊവിഡ് മുക്ത ജില്ലയായി ആലപ്പുഴയെ മാറ്റിയതിൽ ആരോഗ്യ പ്രവർത്തകരുടെ പങ്ക് വളരെ വലുതാണെന്ന് ഡോ.പുഷ്പലത പറഞ്ഞു.

വിശ്രമ ജീവിതത്തിൽ വെറുതെ ഇരിക്കാൻ താത്പര്യമില്ല. അവസരം ലഭിച്ചാൽ മെഡിക്കൽ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ തന്നെയാണ് ആഗ്രഹമെന്നും പുഷ്പലത പറയുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയ ശേഷം തൃശൂർ മെഡിക്കൽ കോളേജിൽ ബയോ കെമിസ്ട്രി വിഭാഗം അദ്ധ്യാപികയായി 1985ലാണ് സർവീസിൽ പ്രവേശിച്ചത്. ജനറൽ സർജനായ ഡോ.ടി.ജി.രഘുവാണ് ഭർത്താവ്. മകൾ: ഡോ. രേഷ്മ രഘു. മരുമകൻ: അരുൺ