 പൊലീസിനും എക്സൈസിനും വെല്ലുവിളിയായി മൂന്നാം ലോക്ക്ഡൗൺ


ആലപ്പുഴ: ലോക്ക് ഡൗൺ കാലാവധി വീണ്ടും നീട്ടുകയും മദ്യശാലകൾ തുറക്കേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയും ചെയ്തതോടെ, വാറ്റുകാർ കഴുകി പരണത്തുവച്ച വാറ്റുകലങ്ങളും സെറ്റും വീണ്ടും പറമ്പത്തേക്ക് നീങ്ങുമെന്ന ആശങ്കയിലാണ് പൊലീസ്, എക്സൈസ് സംഘങ്ങൾ.

ലോക്ക് ഡൗണിന്റെ ആദ്യ രണ്ടു ഘട്ടങ്ങളിലും പൊലീസും എക്സൈസും വൻ വെല്ലുവിളിയാണ് നേരിട്ടത്. എങ്കിലും തങ്ങളുടെ പ്രവർത്തന ചരിത്രത്തിൽ റെക്കാർഡ് സൃഷ്ടിച്ചുകൊണ്ട് ആയിരക്കണക്കിന് ലിറ്റർ വാറ്റും കോടയും ഒപ്പം ചാരായവും പിടിച്ചെടുത്തു. ഡ്രോൺ ഉപയോഗിച്ചുവരെ നടത്തിയ പരിശോധനകളിൽ 'നാട്ടുപ്രമാണി'മാരായ രാഷ്ട്രീയ നേതാക്കളിൽ ചിലരും കുടുങ്ങി.

സ്വന്തം ആവശ്യത്തിനായി വീടുകൾ കേന്ദ്രീകരിച്ച് ഒറ്റയ്ക്കോ ഒന്നോ, രണ്ടോ പേർ ചേർന്നോ വാറ്റുന്നത് കണ്ടുപിടിക്കാനാണ് പ്രയാസമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. രണ്ടിൽ കൂടുതൽ പേരുണ്ടെങ്കിൽ എങ്ങനെയെങ്കിലും വിവരം ചോർന്നുകിട്ടാം. വില്പനയ്ക്കായി വാറ്റുന്നവരെ കുടുക്കുന്നത് 'ഉപഭോക്താക്കളി'ൽ ആരെങ്കിലുമൊക്കെ ആയിരിക്കും. കിട്ടാതെ വരുമ്പോഴോ കൂടുതൽ പണം ഈടാക്കുമ്പോഴോ ആയിരിക്കും വാറ്റുസംഘത്തെ ഒറ്റാൻ തോന്നുന്നത്. ലോക്ക്ഡൗൺ കാലത്ത് ജില്ലയിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ 250ൽ അധികം കേസുകളിലായി 232 ലിറ്റർ ചാരായവും 2567 ലിറ്റർ വാഷും പിടിച്ചെടുത്തു. പൊലീസ് പിടിച്ചത് വേറെ.

 ശർക്കര വില കത്തുന്നു

വാറ്റു കേന്ദ്രങ്ങൾ സജീവമായതോടെ ശർക്കരയ്ക്ക് വിലകൂടി. കിലോയ്ക്ക് 35 രൂപയായിരുന്ന ശർക്കര വില ഇപ്പോൾ 75 മുതൽ 80 രൂപ വരെയാണ്. ഈസ്റ്റ് കിലോ 600ൽ നിന്ന് 800 രൂപയായി. പതയൻ ശർക്കര കിലോയ്ക്ക് 70 രൂപയായിരുന്നത് 95ൽ എത്തി. വൻകിട കച്ചവടക്കാർ ശർക്കര പൂഴ്ത്തി വച്ച് വില കുത്തനെ കൂട്ടുന്നതായി ചെറുകിട കച്ചവടക്കാർ പറയുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്ന് ലോഡ് എത്താത്തതും ശർക്കരയ്ക്ക് ക്ഷാമം ഉണ്ടാക്കുന്നു.

 നിരാശയുടെ പകൽ!


ലോക്ക്ഡൗൺ നീട്ടിയെങ്കിലും തിങ്കളാഴ്ച മുതൽ മദ്യവില്പന ശാലകൾ തുറന്നേക്കുമെന്ന് വെള്ളിയാഴ്ച വൈകിട്ടോടെ വ്യാപിച്ച വാർത്ത പകർന്ന ആവേശത്തിലായിരുന്നു മദ്യ ഉപഭോക്താക്കൾ. ബിവറേജസ് കോർപ്പറേഷൻ ഗോഡൗണുകളിൽ ഫയർഫോഴ്സ് സംഘം അണുനശീകരണം നടത്തിയത് പ്രതീക്ഷ വർദ്ധിപ്പിച്ചു. എന്നാൽ ഗ്രീൻ സോണിലുള്ള ജില്ലകളിലെ മദ്യശാലകൾ മാത്രമേ തുറക്കാൻ സാദ്ധ്യതയുള്ളൂ എന്നാണ് തുടർന്നു വന്ന വിവരം. ആലപ്പുഴ ഗ്രീൻ സോണിൽ അല്ലെന്നത് നിരാശ പടർത്തി. എന്നാൽ ഇന്നലെ ഉച്ചയോടെ കേട്ടുതുടങ്ങിയ വാർത്ത സകലരുടെയും ചങ്കു തകർത്തു. മദ്യവില്പന ശാലകൾ ഉടൻ തുറക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടിയ ഉന്നതതല യോഗം തീ‌രുമാനിച്ചെന്ന 'ഫ്ളാഷ്' ന്യൂസുകളാണ് കൊള്ളിയാനായത്.