covid-

കൊവിഡ് 19 എന്ന മാരക വിപത്തിനെതിരായ പോരാട്ടം മൂന്നാം ഘട്ടത്തിലേക്കു കടക്കുമ്പോഴും ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ ഇന്ത്യയുടെ മികവ് തുടരുകയാണ്. രോഗവ്യാപനം നിയന്ത്റണവിധേയമാക്കുന്നതിൽ ഇന്ത്യ മ​റ്റേതു രാജ്യത്തിനും മുന്നിലാണ്. ഏതു കാര്യത്തിലും ലോകചാമ്പ്യൻ ചമഞ്ഞിരുന്ന അമേരിക്ക പോലും മുട്ടുമടക്കിയിടത്താണ് വൈവിദ്ധ്യങ്ങളുടെ നാടായ ഭാരതം കൂട്ടായ പരിശ്രമത്തിലൂടെ വലിയ മുന്നേ​റ്റം സാദ്ധ്യമാക്കിയത്.

രോഗവ്യാപന സാദ്ധ്യതകൾ മുൻകൂട്ടിക്കണ്ട് തടയിടുന്നതിൽ പ്രധാനമന്ത്റി നരേന്ദ്രമോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള നടപടികൾ ഫലം കണ്ടു. രാജ്യം ഒരുദിവസത്തേക്ക് സമ്പൂർണമായി അടച്ചിട്ടുകൊണ്ടുള്ള ആദ്യ തീരുമാനം ജനങ്ങൾ ഒ​റ്റക്കെട്ടായി ഏ​റ്റെടുത്തു. ഈ ജനപിന്തുണയിൽ നിന്ന് ഊർജ്ജമുൾക്കൊണ്ടാണ് 21 ദിവസത്തെ ലോക്ക് ഡൗൺ എന്ന തീരുമാനവുമായി പ്രധാനമന്ത്റി രാജ്യത്തെ അഭിസംബോധനചെയ്തത്. ഏപ്രിൽ 14ന് അവസാനിക്കേണ്ടിയിരുന്ന ആദ്യ ലോക്ക് ഡൗൺ കാലയളവ് പിന്നീട് മേയ് 3 വരെ നീട്ടിയെങ്കിലും കൊറോണയെ പിടിച്ചുകെട്ടാൻ കുറുച്ചുകൂടി സമയം വേണമെന്നതിനാൽ ലോക്ക്ഡൗൺ വീണ്ടും നീട്ടിയിരിക്കുകയാണ്.

ഐക്യത്തിന്റെ ആവേശം

ഇത്രയും ദീർഘമായ അടച്ചുപൂട്ടൽ കേട്ടുകേൾവി പോലുമില്ലാത്ത നടപടിയാണെങ്കിലും കൊവിഡ് വ്യാപനത്തിനെതിരായ പോരാട്ടത്തിൽ എല്ലാ വൈതരണികളും അതിജീവിച്ച് രാജ്യം ഒ​റ്റക്കെട്ടാണെന്ന് തെളിയിക്കുകയാണ്. രാഷ്ട്രീയമോ മതപരമോ ആയ യാതൊരു അഭിപ്രയവ്യത്യാസങ്ങളും ഈ കാര്യത്തിൽ ഉണ്ടായില്ല. ഭരണ- പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രസർക്കാരിനൊപ്പം അണിനിരക്കുകയാണ്.

ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര സർക്കാരിനോട് രാഷ്ട്രീയമായി യാതൊരു വിധേയത്വവും കാണിക്കാത്ത കേരളമാണ് പ്രധാനമന്ത്റിയുടെ തീരുമാനങ്ങൾക്ക് ഏ​റ്റവും പ്രചാരം നൽകുന്നതെന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു. കേന്ദ്രസർക്കാർ ആഹ്വാനം ചെയ്ത എല്ലാ നിയന്ത്റണങ്ങളും കർശനമായി പാലിക്കുന്നതിനൊപ്പം സംസ്ഥാനത്തെ സാഹചര്യങ്ങൾ അപ്പപ്പോൾ വിലയിരുത്തി ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതിലും മുഖ്യമന്ത്റി പിണറായി വിജയനും അദ്ദേഹത്തിന്റെ കാബിന​റ്റും സദാ ജാഗരൂകരാണ്.

നായ‌കർക്ക്പിന്തുണ

ആരോഗ്യവകുപ്പ് മന്ത്റി കെ.കെ.ശൈലജ ടീച്ചർ, റവന്യു വകുപ്പ് മന്ത്റി ചന്ദ്രശേഖരൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ, ഭക്ഷ്യ വകുപ്പ് മന്ത്രി പി. തിലോത്തമൻ, കൃഷിവകുപ്പ് മന്ത്റി വി.എസ്. സുനിൽകുമാർ തുടങ്ങി എല്ലാ മന്ത്റിമാരും സജീവമായി രംഗത്തുണ്ട്. ചീഫ് സെക്രട്ടറി മുതൽ ശിപായി വരെയുള്ള ഔദ്യോഗിക സംവിധാനങ്ങളും മുഖ്യമന്ത്റിക്കു പിന്നിൽ ഉറച്ചുനിന്ന് പോരാടുകയാണ്. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന പഴമൊഴിയെ അന്വർത്ഥമാക്കുന്നതായിരുന്നു കേരളത്തിലെ കൊവിഡ് കാല അനുഭവം. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾ മറന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് സഹകരിച്ചതിനുള്ള പ്രതിഫലം ഇവിടത്തെ പ്രതിപക്ഷവും ജനങ്ങളും സംസ്ഥാന സർക്കാരിന് തിരിച്ചു നൽകുന്നുണ്ട്.


കൊവിഡിനു മുന്നിൽ സർക്കാർ വരച്ചിട്ട ലക്ഷ്മണരേഖകൾ മറികടക്കാൻ അധികമാരും തുനിഞ്ഞില്ലെന്നതു തന്നെയാണ് ജനങ്ങളുടെ ഭാഗത്തു നിന്നുള്ള ഏ​റ്റവും വലിയ പിന്തുണ. മലയാളികളെ അനുസരണശീലമുള്ളവരായി വീട്ടിലിരുത്തിയതിനു പിന്നിൽ നമ്മുടെ പൊലീസ്, ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണം, റവന്യു തുടങ്ങി പ്രധാനപ്പെട്ട എല്ലാ വകുപ്പുകളുടെയും നിതാന്ത ജാഗ്രതയും കാര്യക്ഷമമായ പ്രവർത്തനവുമാണെന്നതും വിസ്മരിച്ചുകൂടാ. അതിൽത്തന്നെ എടുത്തുപറയേണ്ട വിഭാഗം പൊലീസ് സേനയാണ്. കൊടുംചൂടിൽ തണലേകാൻ കുടയോ, ദാഹമക​റ്റാൻ ആവശ്യത്തിന് കുടിവെള്ളമോ പോലും ഇല്ലാതെയാണ് നമ്മുടെ 60,000 ത്തിലധികം പൊലീസുകാർ ആദ്യം നിരത്തിലിറങ്ങിയത്. മ​റ്റുള്ളവരൊക്കെ ഓഫീസുകളിലിരുന്ന് കൊവിഡ് പ്രതിരോധത്തിൽ ഏർപ്പെടുമ്പോഴും പൊലീസുകാരുടെ സേവനം ചുട്ടുപഴുത്ത ടാർ റോഡുകളിലായിരുന്നു.പൊലീസുകാരുടെ ഇത്തരം ക്ഷേമകാര്യങ്ങൾ പിന്നീടാണ് പരിഗണിക്കപ്പെട്ടത്.

നമുക്കായ് നിരന്തരം

ഡോക്ടർമാർ, നഴ്‌സിംഗ് സ്​റ്റാഫ്, മറ്റ് ആരോഗ്യ പ്രവർത്തകർ,ആശാ വർക്കർമാർ, ശുചീകരണ വിഭാഗം തുടങ്ങി നൂറുകണക്കിന് ജീവനക്കാർ സ്വന്തം വീടും കുടുംബവും ഉപേക്ഷിച്ച് ആശുപത്രികളിൽ താമസിച്ച് സേവനമനുഷ്ഠിക്കുകയാണ്. ഭക്ഷ്യസുരക്ഷാ വകുപ്പ്, അഗ്നിസുരക്ഷാ സേന, എക്‌സൈസ് ഡിപ്പാർട്ട്മെന്റ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ആംബുലൻസ് സർവീസുകൾ, മോട്ടോർവാഹന വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും വിലമതിക്കാനാവാത്ത സേവനവും ഈ രക്ഷാദൗത്യത്തിന് കരുത്തേകുന്നു. വൈറസിന്റെ സഞ്ചാരപഥവും അതിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളുമെല്ലാം യഥാസമയം നിരീക്ഷിച്ച് ജനങ്ങളിൽ എത്തിക്കുന്നതിന് രാപ്പകൽ അദ്ധ്വാനിക്കുന്ന മാദ്ധ്യമപ്രവർത്തകരുടെ സേവനവും എടുത്തുപറയേണ്ടതാണ്.


അതേസമയം രാജ്യം ഒരു മഹാവിപത്തിനെതിരെ ഒ​റ്റക്കെട്ടായി പോരാടിക്കൊണ്ടിരിക്കുമ്പോഴും ചില കോണുകളിൽ നിന്നുണ്ടായ അപസ്വരങ്ങൾ പരാമർശിക്കാതിരിക്കാനാവില്ല. ഓരോ പൗരനും ഭരണകൂടത്തിനൊപ്പം ജാഗ്രതയോടെ നിലകൊള്ളേണ്ട സമയത്ത് പൗരാവകാശത്തിന്റെ പേരിൽ മതപരമായ ആൾക്കൂട്ടങ്ങളെ സൃഷ്ടിച്ച് മന:പൂർവം കുഴപ്പങ്ങളുണ്ടാക്കാൻ വരെ ശ്രമമുണ്ടായി. ഇതുമൂലം രാജ്യത്തിന്റെ മൊത്തത്തിലുള്ള പ്രതിരോധ പ്രവർത്തങ്ങളുടെ താളം തെ​റ്റി. ഇത്രയധികം ജനസംഖ്യയും സാംസ്‌കാരിക വൈവിദ്ധ്യങ്ങളുമുള്ള ഭാരതത്തിൽ ജനങ്ങളെ ഒ​റ്റക്കെട്ടായി നയിക്കുക എന്നത് ഇച്ഛാശക്തിയുള്ള ഭരണാധികാരികൾക്കു മാത്രം സാധിക്കുന്ന കാര്യമാണ്.

സ്വാതന്ത്ര്യത്തിന്റെ അതിരുകൾ

ഇത്തരമൊരു സാഹചര്യത്തിൽ ചില വ്യക്തിസ്വാതന്ത്റ്യങ്ങളൊക്കെ തത്കാലത്തേക്ക് ത്യജിക്കാൻ ജനങ്ങളും സന്നദ്ധരാവണം. യഥാർത്ഥ സ്വാതന്ത്റം നിയന്ത്റണങ്ങൾക്കു വിധേയമാണെന്ന തിരിച്ചറിവുണ്ടാകണം. ഇതുവരെയുള്ള സ്ഥിതിഗതികൾ മൊത്തത്തിൽ വിലയിരുത്തുമ്പോൾ കേരളത്തിലും അനവസരത്തിലുള്ള ചില മുറുമുറുപ്പുകൾ പ്രതിപക്ഷനിരയിൽ നിന്നുണ്ടായത് ദൗർഭാഗ്യകരമായിപ്പോയി. സാലറി ചലഞ്ചിൽ സർക്കാർ ജീവനക്കാരുടെ പരിപൂർണ പങ്കാളിത്തമാണ് കേരളം പ്രതീക്ഷിക്കുന്നത്. സംസ്ഥാന റവന്യു വരുമാനത്തിന്റെ സിംഹഭാഗവും ജീവനക്കാരുടെ ശമ്പളത്തിനുവേണ്ടി വിനിയോഗിക്കുന്ന നാടിന് അടിയന്തരഘട്ടങ്ങളിൽ സാലറി ചലഞ്ച് പോലുള്ള നടപടികൾ അനിവാര്യമാകും. അതിനോട് സഹകരിക്കുന്നതിനു പകരം സാലറി ചലഞ്ചുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് കത്തിച്ച അദ്ധ്യാപകരുടെ നടപടി അപലപനീയമാണ്.

പൊതുസേവകർ‌ എന്ന നിലയിൽ അദ്ധ്യാപകരും സമൂഹത്തിന്റെ ഭാഗമാണ്. അറിവും തിരിച്ചറിവുമുള്ളൊരു തലമുറയെ വാർത്തെടുക്കാൻ കടപ്പെട്ടവരാണ് തങ്ങളെന്ന ബോദ്ധ്യം അദ്ധ്യാപകർക്ക് നഷ്ടപ്പെട്ടുകൂടാ.നിർദ്ദിഷ്ട ലോക്ക് ഡൗൺ കാലം അവസാനിച്ചാലും ലോകം പൂർണമായും കൊവിഡ് മുക്തമാകും വരെ നാമോരോരുത്തരും സ്വന്തം നിലയിൽ കടുത്ത ജാഗ്രത പുലർത്തേണ്ടതുണ്ട്.