ph

കായംകുളം: ഇൻസുലേറ്റഡ് ലോറിയിൽ ഗോവയിൽ നിന്ന് കൊണ്ടുവന്ന 30 കിലോ പഴകിയ ചൂര നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പിടികൂടി. വാഹനത്തിൽ ഉണ്ടായിരുന്ന ടൺ കണക്കിന് മത്സ്യങ്ങളിൽനിന്നു നാല് ബോക്സിലെ മീൻമാത്രം പിടിച്ചെടുത്ത് ബാക്കി വിട്ടുകൊടുത്തത് പ്രതിഷേധത്തിനു കാരണമായി. ലോക്ക് ഡൗൺ കാലത്ത് എട്ടു ടണ്ണോളം അഴുകിയ മത്സ്യം കായംകുളത്ത് പിടിച്ചിട്ടും പ്രതികൾക്ക് അനുകൂല നിലപാടാണ് നഗരസഭ സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.

പത്തനം തിട്ടയിൽ നിന്ന് ഫുഡ് ആൻഡ് സേഫ്ടി സ്പെഷ്യൽ സ്ക്വാഡ് എത്തിയെങ്കിലും പിടിച്ചെടുത്തവ മാത്രമാണ് പരിശോധിച്ചത്. ബാക്കിവന്ന മത്സ്യം വാഹനത്തിൽത്തന്നെ കായംകുളം മാർക്കറ്റ് ഉൾപ്പെടെ വിവിധ ഇടങ്ങളിൽ ഇറക്കിവച്ചതായി നാട്ടുകാർ ആരോപിക്കുന്നു.

ആന്ധ്ര,ഗോവ, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ മത്സ്യം കായംകുളത്ത് എത്തുന്നത്. വില്പന കേന്ദ്രങ്ങളിൽ എല്ലാം ഇത്തരം മത്സ്യങ്ങളാണ് ഉള്ളത്. വാഹനം തടഞ്ഞ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെക്കൊണ്ട് പരിശോധിപ്പിക്കാൻ മാത്രമാണ് തങ്ങൾക്ക് കഴിയുകയുള്ളൂവെന്ന് നഗരസഭ അധികൃതർ പറയുന്നു. അതുകൊണ്ടതന്നെ ചെറിയ പിഴ ഈടാക്കുകയാണ് ചെയ്യുന്നതെന്നും നഗരസഭ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.