ചേർത്തല: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനിടെ തണ്ണീർമുക്കം ബണ്ട് ഷട്ടറുകൾ തുറന്നു. രണ്ടു ദിവസം കൊണ്ടാണ് മൂന്നു ഘട്ടങ്ങളിലായി 85 ഷട്ടറുകളും മൂന്നു ലോക്കുകളും തുറന്നത്. സാങ്കേതിക തകരാർ മൂലം അഞ്ച് ഷട്ടറുകൾ തുറക്കാനായില്ല. പിഴവ് മാറ്റി നാളെ ഇവയും തുറക്കുമെന്ന് അധികൃതർ പറഞ്ഞു. ലോക്ക്ഡൗൺ മൂലം മലിനീകരണത്തിന്റെ തോത് കുറഞ്ഞതിനാൽ നല്ല തെളിഞ്ഞ വെള്ളമാണ് ഒഴുകുന്നത്.
ശക്തമായ നീരൊഴുക്കാണ് അനുഭവപ്പെടുന്നത്. ഒന്നിന് രാവിലെ ആരംഭിച്ച പ്രവർത്തനങ്ങൾ ഇന്നലെ വൈകിട്ടാണ് പൂർത്തിയായത്. ജലസേചന വകുപ്പ് അസി.എൻജിനീയർ കെ.എസ്.സ്റ്റീഫന്റെ നേതൃത്വത്തിൽ 17 ജീവനക്കാരും രണ്ടു ഓവർസിയർമാരുമാണ് നേതൃത്വം നൽകിയത്. നാല് ഷട്ടറുകൾ മോട്ടോർ തകരാറിനെ തുടർന്നും ഒരെണ്ണം ഗിയർ തകരാറും മൂലമാണ് തുറക്കാൻ കഴിയാതിരുന്നത്.
മത്സ്യത്തൊഴിലാളി സംഘടനകളുടെ ഭാഗത്തു നിന്നു സമ്മർദ്ദം ശക്തമായ സാഹചര്യത്തിലാണ് ഒന്നിനുതന്നെ ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്.കുട്ടനാട്ടിൽ പുഞ്ചക്കൊയ്ത്ത് പൂർത്തിയായിട്ടില്ലെങ്കിലും ഷട്ടറുകൾ തുറക്കുന്നത് കൃഷിയെ ദോഷകരമായി ബാധിക്കില്ലെന്ന് വകുപ്പ് അധികൃതർ അറിയിച്ചതിനെ തുടർന്നാണ് തുറക്കാൻ തീരുമാനിച്ചത്. ഡിസംബർ 15ന് അടച്ച് മാർച്ച് 15നു തുറക്കുന്ന തരത്തിലാണ് ഷട്ടർ കലണ്ടർ. എന്നാൽ കുട്ടനാട്ടിലെ കൊയ്ത്തിന്റെ സാഹചര്യത്തിലാണ് 45 ദിവസം
വൈകിയതെന്നാണ് വിശദീകരണം.