ചേർത്തല:ലോക്ക്ഡൗണിനെ തുടർന്ന് പാലക്കാട്ട് കുടുങ്ങിയ ചെത്തു തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ഇനിയും നടപടികളായില്ല.

ചിറ്റൂർ താലൂക്കിലും പരിസര പ്രദേശങ്ങളിലുമായി ജോലിചെയ്യുന്ന ചേർത്തല-അമ്പലപ്പുഴ താലൂക്കുകളിലെയും കോട്ടയം ജില്ലയിലെയും 500 ഓളം ചെത്തു തൊഴിലാളികളാണ് കുടുങ്ങിയത്. കൊവിഡ് രോഗികൾ വർദ്ധിക്കുന്ന തമിഴ്നാടിന്റെ അതിർത്തി പ്രദേശമായതിനാൽ ഇവിടെ ഭീതിയിലാണ് തൊഴിലാളികൾ കഴിയുന്നത്. വർഷത്തിൽ ഒന്നോ രണ്ടോ തവണ നാട്ടിലെത്തിയിരുന്ന ഇവർ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ അവിടെ അകപ്പെടുകയായിരുന്നു. കള്ള്ചെത്ത് ഇല്ലാതായതോടെ താത്കാലിക ഷെഡുകളിലാണ് താമസം.

തൊഴിലാളികളിൽ ഭൂരിഭാഗവും ജീവിതശൈലി രോഗങ്ങൾക്ക് ചികിത്സയിലുള്ളവരാണ്.പലർക്കും മരുന്നുകൾ പോലും വാങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ഭക്ഷണവും വേണ്ടവിധം ലഭിക്കുന്നില്ല. വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും മലയാളികളെ നാട്ടിലെത്തിക്കാൻ ശ്രമം നടത്തുന്ന സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം.