ആലപ്പുഴ: ദേശീയപാതയും സംസ്ഥാനപാതയും ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിന്റെ പ്രധാന റോഡുകൾ കൈയേറി കച്ചവടം നടത്തിയാൽ എഫ്.ഐ.ആർ ഇട്ട് കേസെടുക്കുമെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. കൊവിഡ് അവലോകനത്തിന് ശേഷം കളക്ടറേറ്റിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കളക്ടറുടെ നിർദ്ദേശ പ്രകാരം പൊലീസ് അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചിരുന്നു. എന്നാൽ വീണ്ടും നടപ്പാതയും വാഹനപാർക്കിംഗ് ഏരിയയും കയ്യേറി കച്ചവടം നടത്തുന്നത് ന്യായീകരിക്കാൻ കഴിയില്ല. ഇവരുടെ പുനരധിവാസത്തിന് സർക്കാരുമായി ബന്ധപ്പെട്ട് പ്രാദേശിക ഭരണകൂടം നടപടി സ്വീകരിക്കണം. ദേശീയപാതയുടെ ടാറിംഗ് ഭാഗത്താണ് കച്ചവടം നടത്തുന്നത്. ആരു പറഞ്ഞാലും അനുസരിക്കാത്ത നാലു മാർക്കറ്റുകൾ ആലപ്പുഴയിൽ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ സ്ഥിതി കച്ചവടക്കാർ തുടർന്നാൽ മറ്റ് നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിക്കും. ലോക്ക്ഡൗൺ ലംഘിച്ചാൽ മുന്നറിയിപ്പില്ലാതെ കേസ് എടുക്കും. ഏത് സോണായാലും ജാഗ്രതയാണ് ആലപ്പുഴയ്ക്ക് ആവശ്യം. ഇപ്പോൾ നമ്മൾ ഗ്രീൻ സോണിലാണെന്ന് കരുതി എല്ലാവരും കൂട്ടത്തോടെ തെരുവിലറങ്ങരുത്. എപ്പോൾ വേണമെങ്കിലും കൊവിഡ് വ്യാപിക്കാം.
സമൂഹ വ്യാപനം ജില്ലയിൽ ഇതുവരെ ഉണ്ടായിട്ടില്ല. വരും ദിവസങ്ങളിൽ വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുമായി ജില്ലയിൽ 2.60 ലക്ഷം പേർ എത്തും. ഇവരെയും സുരക്ഷിതമായി പാർപ്പിക്കാനുള്ള സൗകര്യം ഏർപ്പെടുത്തി. കളക്ടറുടെ മേൽനോട്ടത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ അദ്ധ്യക്ഷനായി മെഡിക്കൽ മാനേജ്മെന്റ് കമ്മിറ്റിക്ക് രൂപം നൽകി. അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ആലപ്പുഴയിൽ നിന്ന് നാളെ ബീഹാറിലേക്കും ആറിന് ഒറീസയിലേക്കും ട്രെയിൻ സർവീസ് നടത്തും. മാർച്ച് 28മുതൽ മേയ് ഒന്നു വരെ ഇവരുടെ ഭക്ഷണത്തിനായി 1.75 കോടിയാണ് ചെലവഴിച്ചത്. പല പഞ്ചായത്തുകളും കമ്മ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണം നൽകുന്നതിൽ തികഞ്ഞ അലംഭാവം കാട്ടുന്നതായി സുധാകരൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കളക്ടർ എം.അഞ്ജന, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് എന്നിവരും പങ്കെടുത്തു.