കായംകുളം: ഡി.വൈ.എഫ്.ഐ കായംകുളം ബ്ലോക്ക് പ്രസിഡന്റ് അനീഷ്, സെക്രട്ടറി റഫീഖ് എന്നിവരുൾപ്പെടെ 19 പേർ സംഘടനയിൽ നിന്ന് രാജിവച്ചുകൊണ്ട് ജില്ലാ സെക്രട്ടറിക്ക് കത്തു നൽകി.
വധശ്രമക്കേസുകളിലെ പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവ് സാജിദിനെ അറസ്റ്റ് ചെയ്യാൻ തോക്കുമായി കായംകുളം സി.ഐ രാത്രി വീട് റെയ്ഡ് ചെയ്ത സംഭവത്തിൽ സിപി.എം നേതൃത്വം സി.ഐക്കെതിരെ നിലപാട് സ്വീകരിക്കാത്തതും സാജിദിന് പാർട്ടി സംരക്ഷണം നൽകാത്തതുമാണ് കൂട്ടരാജിക്കു കാരണം.
ക്രമിനലുകളെ പാർട്ടി സംരക്ഷിച്ചാൽ ജനങ്ങളോട് മറുപടി പറയാൻ കഴിയില്ലന്നും ചിലർ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് സംഘടനയെ മറയാക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് കൂടുതൽ നേതാക്കൾ രംഗത്തെത്തിയിരുന്നു. ബ്ളോക്ക് സെക്രട്ടറി റഫീക്ക് കളക്ടർക്കും ഡി.ജി.പിക്കും സി.ഐ ഗോപകുമാറിനെതിരെ പരാതി നൽകിയിട്ടും നടപടികൾ ഉണ്ടായില്ലന്ന് മാത്രമല്ല, നേതാക്കൾ ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
വധശ്രമ കേസുകൾ ഉൾപ്പെടെ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയായ സാജിദിന്റെ ഒന്നാം കുറ്റിയിലെ വാടക വീട്ടിലാണ് 25 ന് രാത്രി സി.ഐ എത്തിയത്. തോക്കുമായി വന്ന സി.ഐ മുഖാവരണം ധരിച്ചിരുന്നില്ലെന്നുമാണ് പരാതി നൽകിയത്. 27ന് വൈകിട്ട് ലീവെടുത്ത സി.ഐ കോട്ടയത്തുള്ള വീട്ടിലേക്കു പോയെന്നും യാത്രയ്ക്ക് അനുമതി തേടിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
ഹെൽമറ്റ് വയ്ക്കാതെ ബൈക്കിലെത്തിയ കായംകുളം നഗരസഭ ചെയർമാനും സി.പി.എം നേതാവുമായ എൻ.ശിവദാസനെക്കൊണ്ട് സി.ഐ പെറ്റി അടപ്പിച്ചത് വാർത്തയായിരുന്നു. ശിവദാസനുമായി അടുപ്പം പുലർത്തുന്നവരാണ് രാജിവച്ചത്.