അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ വാർഡുകളിലുള്ള ശൗചാലയങ്ങളിൽ യൂറോപ്യൻ ക്ലോസെറ്റുകൾ വേണമെന്ന ആവശ്യം അധികൃതർ അവഗണിക്കുന്നു.

ലേബർ റൂമിനോട് ചേർന്നുള്ള രണ്ടാം വാർഡും മൂന്നാം വാർഡുമാണ് സ്ത്രീകളുടെ വാർഡുകൾ. ഇവിടെ 14 ശൗചാലയങ്ങളുണ്ടെങ്കിലും ഒന്നിൽപോലും യൂറോപ്യൻ ക്ലോസെറ്റ് ഇല്ല. പ്രസവം കഴിഞ്ഞും ശസ്ത്രക്രിയയ്ക്കു ശേഷവും വാർഡുകളിൽ കഴിയുന്ന സ്ത്രീകൾക്ക് ശൗചാലയങ്ങളിലെ സാധാരണ ക്ലോസെറ്റ് വലിയ അസ്വസ്ഥതകളാണ് സൃഷ്ടിക്കുന്നത്. നിരവധി തവണ ആശുപത്രി അധികൃതരോട് പലരും പരാതി പറഞ്ഞിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സംഭവം ശ്രദ്ധയിൽപ്പെട്ട എം.എസ്.എസ് യൂത്ത് വിംഗ് മുൻ സംസ്ഥാന പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകനുമായ നവാസ് കോയ ആശുപത്രി സൂപ്രണ്ട് ഡോ.ആർ.വി.രാംലാലിന് പരാതി നൽകി. ഇക്കാര്യത്തിൽ അടിയന്തര പരിഹാരം കാണാമെന്ന് സൂപ്രണ്ട് ഉറപ്പു നൽകിയിട്ടുണ്ട്.