photo

ആലപ്പുഴ: ആലപ്പുഴ സിവിൽപ്ളൈസ് ഗോഡൗണിലെ സ്ഥിരം തൊഴിലാളികളെ മാറ്റി നിറുത്തി കരാറുകാരൻ ഏകപക്ഷീയമായി സാധനങ്ങൾ വാഹനങ്ങളിൽ കൊണ്ടുപോകാൻ നടത്തിയ ശ്രമം സി.ഐ.ടി.യു തൊഴിലാളികൾ തടഞ്ഞു. ഇന്നലെ രാവിലെ 11മണിയോടെയായിരുന്നു സംഭവം.

റേഷൻ കടകളിലേക്ക് സാധനങ്ങൾ കൊണ്ടുപോകുന്നത് സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള ഏഴും കരാറുകാരന്റെ മൂന്നും ലോറികളിലായിരുന്നു. ഇന്നലെ കരാറുകാരൻ സി.ഐ.ടി.യു വിഭാഗക്കാരുടെ ലോറികൾ പൂർണ്ണമായും ഒഴിവാക്കി. ഇത് യൂണിയൻ അംഗീകരിച്ചില്ല. വാക്കേറ്റത്തെത്തുടർന്ന് ജില്ലാ സപ്ളൈ ഓഫീസർ സ്ഥലത്തെത്തി കരാറുകാരനും സി.ഐ.ടി.യു നേതാക്കളുമായി നടത്തിയ ചർച്ചയിൽ മുൻ ധാരണ അനുസരിച്ചുള്ള ജോലികൾ നടത്താൻ തീരുമാനിച്ചു.

മാർച്ച് 31ന് നിലവിലെ കരാറുകാരന്റെ കാലാവധി തീർന്നിരുന്നു. ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ പുതിയ കരാർ വിളിക്കാൻ കഴിയാത്തതിനാൽ മൂന്ന് മാസത്തേക്ക് ഇയാൾക്ക് കരാർ നീട്ടിക്കൊടുക്കുകയായിരുന്നു.