അരൂർ: ജമന്തിച്ചെടിയെന്ന് അമ്മയെ വിശ്വസിപ്പിച്ചുകൊണ്ട് മുറ്റത്തെ ചെടികൾക്കിടയിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അരൂർ പഞ്ചായത്ത് 16-ാം വാർഡ് ഉടുമ്പുചിറ വീട്ടിൽ വിനീഷിനെയാണ് (37) ജില്ലാപൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള നർകോട്ടിക്ക് സ്ക്വാഡും അരൂർ എസ്.ഐ കെ.എൻ.മനോജും ചേർന്ന് പിടികൂടിയത്. ഒരു മാസത്തോളമായി മുറ്റത്തെ പൂച്ചെടികളുടെ നടുവിലാണ് ഇയാൾ കഞ്ചാവ് ചെടി പരിപാലിച്ചിരുന്നത്. അര മീറ്റർ ഉയരമുണ്ടായിരുന്ന ചെടിയെക്കുറിച്ച് തിരക്കിയ അമ്മയെ ജമന്തി ചെടിയെന്ന് വിശ്വസിപ്പിച്ചു. നാർക്കോട്ടിക് സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു ഇന്നലെ വൈകിട്ട് പരിശോധന നടത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.