കിഴങ്ങ് വർഗ ഇടവിള കൃഷിയുമായി കഞ്ഞിക്കുഴി ബാങ്കിന്റെ ഉണർവ് പദ്ധതി
ചേർത്തല:മണ്ണിലെ നിധി കണ്ടെത്താൻ തയ്യാറെടുത്ത് കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക്. അദ്ധ്വാനവും പണ ചിലവും അധികം വേണ്ടാത്ത
മണ്ണിലെ നിധികളായ കിഴങ്ങുവർഗ വിളകൾ ഇടവിളയായി കൃഷി ചെയ്യാനുള്ള പദ്ധതിയാണ് ബാങ്ക് നടപ്പിലാക്കുന്നത്. കപ്പ, ചേമ്പ്,ചേന,കാച്ചിൽ തുടങ്ങിയവയുടെ കൃഷി പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി സഹകാരികൾക്ക് വായ്പാ സൗകര്യത്തോടെ നടീൽ വസ്തുക്കൾ വാങ്ങിക്കൊടുക്കുന്നതാണ് പദ്ധതി.
നാട്ടിൻ പുറങ്ങളിൽ നിന്ന് അന്യമായി കൊണ്ടിരിക്കുന്ന കിഴങ്ങുവർഗ വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. കാർഷിക ഗ്രൂപ്പുകൾക്കും വ്യക്തികൾക്കും മിതമായ പലിശ നിരക്കിൽ ലളിതമായ തവണ വ്യവസ്ഥയിലാണ് വായ്പ. കൃഷിരീതികളെ സംബന്ധിച്ചുള്ള മാർഗ നിർദ്ദേശങ്ങളടങ്ങിയ ലഘു കുറിപ്പും ബാങ്കിൽ നിന്ന് വിതരണം ചെയ്യും. കഞ്ഞിക്കുഴിയിലെ പച്ചക്കറി വ്യാപനത്തിന് പഞ്ചായത്തിന് കരുത്തു പകരുന്നതിന് കാർഷിക ആശുപത്രിയും വിത്ത് ജൈവവളം കീടനാശിനി വിൽപ്പന കേന്ദ്രവും ബാങ്കിനോട് ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.കൃഷി പഠിപ്പിക്കുന്നതിനുള്ള കാർഷിക സ്‌കൂളും വിജയകരമായി നടന്നു വരുന്നു.സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള ഭക്ഷ്യ സുരക്ഷ ശക്തിപ്പെടുത്തുന്നതിനാണ് ഉണർവ്വ് കാർഷിക പദ്ധതിയിലുടെ ബാങ്ക് ഊന്നൽ കൊടുക്കുന്നത്.ഇതിനായി ഭരണ സമിതിയംഗം ജി മുരളി ചെയർമാനും ജി.ഉദയപ്പൻ കൺവീനറുമായ സബ് കമ്മിറ്റി നേതൃത്വം നൽകും.
ബാങ്ക് നേരിട്ട് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ കപ്പലണ്ടി കൃഷി വൻ വിജയമായിരുന്നു.വിവിധ ഇനം വാഴ കൃഷിയും ഇപ്പോൾ നടത്തുന്നുണ്ട്. ഉണർവ്വ് കാർഷിക പദ്ധതിയിലുടെ പുരയിട കൃഷി ശക്തിപ്പെടുത്തി ഭക്ഷ്യക്ഷാമത്തിന് പരിഹാരമുണ്ടാക്കുകയാണ് ലക്ഷ്യം.
എം.സന്തോഷ് കുമാർ
ബാങ്ക് പ്രസിഡന്റ്