അരൂർ: പൊലീസിനെതിരെ വ്യാജ പരാതി നൽകിയ അന്യസംസ്ഥാന തൊഴിലാളിയെ അരൂർ പൊലീസ് പിടികൂടി. അരൂർ മാർക്കറ്റിന് സമീപം വാടക വീട്ടിൽ താമസിക്കുന്ന ജാർഖണ്ഡ് സ്വദേശി സുമനാണ് പിടിയിലായത്.
ദിവസങ്ങൾക്ക് മുൻപ് അർദ്ധരാത്രി പൊലീസ് ആണെന്ന വ്യാജേന രണ്ടംഗ സംഘം വീട്ടിലെത്തി തന്നെയും ഭാര്യ ബിന്തിയയെയും ആക്രമിച്ചു പരിക്കേൽപ്പിച്ച ശേഷം അലമാരയിൽ സൂക്ഷിച്ചിരുന്ന 8000 രൂപയും ലാപ് ടോപും കവർന്നെന്ന് പറഞ്ഞ് സുമൻ അരൂർ പഞ്ചായത്ത് അംഗമായ മോളി ജസ്റ്റിനെക്കൊണ്ടാണ് അരൂർ പൊലീസിൽ പരാതി നൽകിയത്. എന്നാൽ തുടരന്വേഷണത്തിലാണ് പരാതി വ്യാജമാണെന്നു തെളിഞ്ഞതെന്ന് എസ്.ഐ കെ.എൻ.മനോജ് പറഞ്ഞു. സുമന് കഞ്ചാവ് കച്ചവടവും വാറ്റും ഉണ്ടെന്നറിഞ്ഞ് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള നാർക്കോട്ടിക് സ്ക്വാഡിലെ സിവിൽ പൊലീസ് ഓഫീസർമാരായ കെ.ജെ.സേവ്യറും ഗിരീഷുമാണ് സുമന്റെ അരൂരിലെ വാടക വീട്ടിൽ രാത്രിയിൽ എത്തിയത്. പച്ചക്കറി ലോറി വഴി സുമന് കഞ്ചാവ് എത്തുമെന്ന് നാർക്കോട്ടിക് സ്ക്വാഡിനു സൂചന ലഭിച്ചിരുന്നു. തുടർന്നാണ് ലോക്കൽ പൊലീസിനെ അറിയിക്കാതെ രാത്രി സ്ക്വാഡ് പരിശോധനയ്ക്കെത്തിയത്. 30ന് കഞ്ചാവുമായി എത്തുന്ന സംഘത്തെ പിടികൂടാൻ സഹായിക്കാമെന്ന് സുമൻ പറഞ്ഞതിനെ തുടർന്ന് സ്ക്വാഡ് മടങ്ങി. കള്ളപ്പരാതിയെക്കുറിച്ച് അറിഞ്ഞ ഇവർ നിജസ്ഥിതി പൊലീസിൽ അറിയിച്ചതോടെയാണ് ലാപ്ടോപും പണവും നഷ്ടപ്പെട്ടെന്ന സുമന്റെ പരാതി വ്യാജമാണെന്ന് തെളിഞ്ഞത്. താൻ കുടുങ്ങുമെന്ന് വ്യക്തമായപ്പോൾ പൊലീസിനെതിരെ പരാതി നൽകിയശേഷം കടന്നു കളയാനാണ് തിരുമാനിച്ചതെന്നും ഉണ്ടായിരുന്ന പഴയ ഒരു ലാപ് ടോപ് അരൂർ കുമ്പളം പാലത്തിൽ നിന്നു കായലിലേക്ക് എറിഞ്ഞെന്നും സുമൻ പൊലീസിനോട് പറഞ്ഞു. സുമന് മർദ്ദനമേറ്റെന്ന് പരാതിയിൽ പറഞ്ഞത് കെട്ടിച്ചമച്ചതാണെന്നും പൊലീസ് വിശദീകരിച്ചു. പഞ്ചായത്ത് അംഗം മോളി ജസ്റ്റിനും സുമനെതിരെ പൊലീസ് കേസെടുത്തു.