ബോഡിബിൽഡർമാരുടെ പരിശീലനം അവതാളത്തിൽ
ആലപ്പുഴ: വീടിനുള്ളിൽ ലോക്കായതോടെ, ആറ്റുനോറ്റ് പരുവപ്പെടുത്തിയെടുത്ത സിക്സ് പാക്കുൾപ്പടെ നഷ്ടപ്പെടാതെ കാക്കാനുള്ള പോരാട്ടത്തിലാണ് ബോഡി ബിൽഡർമാർ. സുരക്ഷിതത്വം മാനിച്ച് ലോക്ക് ഡൗണിന് ആഴ്ചകൾക്ക് മുമ്പ് തന്നെ മിക്ക ജിംനേഷ്യങ്ങൾക്കും താഴു വീണു. രണ്ടരമാസമായി ഉപയോഗമില്ലാതെ കിടക്കുന്നതിനാൽ ജിമ്മിനുള്ളിലെ ഉപകരണങ്ങളും പണിമുടക്കിയിട്ടുണ്ടാവും. സ്ഥിരമായി ലൂബ്രിക്കേറ്റുകൾ ഉപയോഗിക്കേണ്ട ട്രെഡ്മിൽ ഉൾപ്പടെയുള്ള ഉപകരണങ്ങൾ സർവീസ് ചെയ്യാതെ ഇനി ഉപയോഗിക്കാനാവില്ല. മൾട്ടിമെഷീൻ പോലെ ഇറക്കുമതി ചെയ്ത ഉപകരണങ്ങളാണ് വലിയ ജിമ്മുകളിലുള്ളത്. ഇവയുടെ സർവീസ് ഇനത്തിൽ മാത്രം ലക്ഷങ്ങൾ വേണ്ടിവരുമെന്ന് ആലപ്പുഴ സ്വാമി ജിം ഉടമ രാധാകൃഷ്ണൻ പറയുന്നു.
യാത്രാ വിലക്കുള്ളതിനാൽ ഇടയ്ക്ക് ജിംനേഷ്യങ്ങളിൽ പോയി പൊടി തൂക്കാൻ പോലും സാധിക്കുന്നില്ല. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും എണ്ണയിട്ടിരുന്നെങ്കിൽ ഉപകരണങ്ങളെ ഒരു പരിധിവരെ സംരക്ഷിക്കാൻ സാധിക്കുമായിരുന്നു. വിരലിലെണ്ണാവുന്ന ജിംനേഷ്യങ്ങൾ മാത്രമാണ് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ചിലർ വാടകയിനത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം നടത്തിപ്പുകാരും തുക നൽകാൻ കഴിയാതെ നെട്ടോട്ടത്തിലാണ്. ഓരോ ജിമ്മിലും രണ്ടോ മൂന്നോ ട്രെയിനർമാരുണ്ടാവും. ഇവർക്ക് ശമ്പളം നൽകാനും കഴിയുന്നില്ല. ലക്ഷങ്ങൾ ലോണെടുത്ത് ഉന്നത നിലവാരമുള്ള ഉപകരണങ്ങൾ വാങ്ങിയാണ് ജിംനേഷ്യങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. ബോഡി ബിൽഡർമാർ, പവർ ലിഫ്റ്റിംഗ് താരങ്ങൾ, വിവിധ രോഗങ്ങൾക്ക് ചികിത്സതേടുന്നവർ എന്നിങ്ങനെ വിവിധ വിഭാഗക്കാരാണ് സ്ഥിരമായി എത്താറുള്ളത്. ഏതാനും വർഷങ്ങളായി സ്ത്രീകളുടെ വരവും കൂടിയിട്ടുണ്ട്. സ്ത്രീകളെ ആകർഷിക്കുന്നതിനായി ജിമ്മിനൊപ്പം ഏയറോബിക് കേന്ദ്രങ്ങളും പലയിടത്തും ആരംഭിച്ചു.
ഗുണഭോക്താക്കൾ -
പ്രൊഫഷണൽ ബോഡിബിൽഡർമാർ
ഫിറ്റ്നസ് ആഗ്രഹിക്കുന്ന കുട്ടികളും യുവാക്കളും
ഹൃദയസംബന്ധമായ അസുഖമുള്ളവർ
ജീവിതശൈലീ രോഗികൾ
ചെലവ് ഭീമം -
മുതൽമുടക്ക് 10 മുതൽ 40 ലക്ഷം വരെ
ട്രെയിനർമാരുടെ ശമ്പളം ഒരാൾക്ക് 12000 മുതൽ
ലോൺ തിരിച്ചടവ്
വാടക
ഉപകരണങ്ങളുടെ പരിപാലനം
പ്രവൃത്തി സമയം
രാവിലെ 5 മുതൽ 10 വരെ
വൈകിട്ട് 4 മുതൽ 10 വരെ
''ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ഉപകരണങ്ങൾ എണ്ണയിട്ട് സംരക്ഷിക്കേണ്ടതുണ്ട്. തീരദേശങ്ങളിലെ ജിംനേഷ്യങ്ങളിൽ ഉപ്പുകാറ്റേറ്റ് ഉപകരണങ്ങൾ വേഗം നശിക്കും. ലോൺ തിരിച്ചടവുകൾ മുടങ്ങിയ അവസ്ഥയിലാണ് മിക്ക സംരംഭകരും.
" - എ അനീഷ് മോൻ, ബോഡി ബിൽഡിംഗ് ഫിറ്റ്നസ് അസോസിയേഷൻ ഒഫ് ആലപ്പുഴ സെക്രട്ടറി
"മത്സരങ്ങൾക്കുവേണ്ടിയുള്ള പരിശീലനം മുടങ്ങി. വീട്ടിലെ ചെറിയ വ്യായാമങ്ങൾ വഴി കൊഴുപ്പ് കൂടാതെ സംരക്ഷിക്കുകയാണ്. വിവിധ രോഗങ്ങളെ പിടിച്ചുനിർത്താനായി ജിമ്മുകളെ ആശ്രയിക്കുന്നവരുടെ കാര്യമാണ് കഷ്ടത്തിലായത്. ടീനേജുകാരെ ലഹരിയിലേക്ക് പോകാതെ പിടിച്ചുനിർത്തുന്നതിലും ബോഡി ബിൽഡിംഗിന് വലിയ പങ്കുണ്ട്.'
'- ആർ ശരത്കുമാർ, പവർ ലിഫ്റ്റിംഗ് ചാമ്പ്യൻ