 അമ്പലപ്പുഴ- എറണാകുളം റെയിൽപാത ഇരട്ടിപ്പിക്കൽ തടസങ്ങൾ നീങ്ങി  ആകെ ദൈർഘ്യം 70 കി.മീ

ആലപ്പുഴ: ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ അമ്പലപ്പുഴ- എറണാകുളം തീരദേശപാത (70 കി.മീ) ഇരട്ടിപ്പിക്കലിന് റെയിൽവേ ബോർഡിന്റെ പച്ചക്കൊടി. തീരദേശ പാതവഴിയുള്ള എല്ലാ ട്രെയിനുകൾക്കും സമയ ക്ലിപ്തത പാലിക്കാൻ കഴിയാത്തതും പുതിയ ട്രെയിനുകൾ ആരംഭിക്കാനാവാത്തതും പാത ഇരട്ടിപ്പിക്കൽ നടക്കാത്തതു മൂലമാണെന്ന് റെയിൽവേ ബോർഡിനെ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ബോദ്ധ്യപ്പെടുത്തിയതോടെയാണ് തടസങ്ങൾ നീങ്ങിയത്.

എറണാകുളം- കുമ്പളം, കുമ്പളം -തുറവൂർ, തുറവൂർ - അമ്പലപ്പുഴ ഭാഗം ഇരട്ടിപ്പിക്കാൻ പദ്ധതി ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്നായിരുന്നു റെയിൽവേയുടെ നിലപാട്. അതിന് കഴിയില്ലെന്ന് സംസ്ഥാന സർക്കാർ നിലപാടെടുത്തതോടെ പദ്ധതി റെയിൽവേ മരവിപ്പിച്ചിരുന്നു. 1500 കോടി രൂപ ചെലവ് വരുന്ന പദ്ധതി പൂർത്തീകരിക്കാൻ 62 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടി വരും.

റെയിൽവേ മുഖം തിരിച്ചെങ്കിലും എറണാകുളം മുതൽ കുമ്പളം വരെയുള്ള എട്ട് കിലോമീറ്റർ ഭാഗത്ത് സ്ഥലം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചിരുന്നു. കുമ്പളം-ആലപ്പുഴ വരെ സ്ഥലം ഏറ്റെടുക്കലിന് വിജ്ഞാപനമിറക്കി. എന്നാൽ ആലപ്പുഴ-അമ്പലപ്പുഴ ഭാഗത്ത് ഒന്നും നടന്നില്ല. നിലവിൽ തീരപാതയിലൂടെ സർവീസ് നടത്തുന്ന മുഴുവൻ ട്രെയിനുകളും വൈകിയോടുന്നത് യാത്രക്കാരെ വല്ലാതെ വലയ്ക്കുന്നുണ്ട്. കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കലിന് ഫണ്ട് വാരിക്കോരി ചെലവഴിക്കുമ്പോൾ ആലപ്പുഴയോട് റെയിൽവേ അവഗണന കാട്ടുന്നുവെന്ന ആക്ഷേപം പുതിയതല്ല. ഭരണാനുമതിയും ഫണ്ടും നൽകി സ്ഥലം ഏറ്റെടുക്കൽ ജോലി പൂർത്തീകരിച്ചാൽ തന്നെ കുറഞ്ഞത് 10 വർഷത്തിലധികം വേണ്ടിവരും പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കാൻ. തീരദേശപാതയിൽ കായംകുളം-അമ്പലപ്പുഴ ഭാഗം മാത്രമാണ് പൂർണമായി ഇരട്ടിപ്പിച്ചിട്ടുള്ളത്.

.............................................

 എറണാകുളം-ആലപ്പുഴ-കായംകുളം പാതയ്ക്ക് 110 കിലോമീറ്റർ ദൈർഘ്യം

 അമ്പലപ്പുഴ-ഹരിപ്പാട് പാത ഇരട്ടിപ്പിച്ചത് എട്ട് വർഷംകൊണ്ട്

 കായംകുളം -ആലപ്പുഴ പാതയിൽ ഏഴ് വലിയ പാലവും 52 ചെറുപാലങ്ങളും

 എറണാകുളം- അമ്പലപ്പുഴ ഭാഗം എറണാകുളം ഡെപ്യൂട്ടി ചീഫ് എൻജിനിയറുടെ കീഴിൽ

 കായംകുളം- അമ്പലപ്പുഴ ഭാഗം തിരുവനന്തപുരം ചീഫ് എൻജിനീയറുടെയും പരിധിയിൽ

 എറണാകുളം-ആലപ്പുഴ ഭാഗത്തെ മുഴുവൻ സ്റ്റേഷനുകളും മോഡൽ സ്റ്റേഷനുകൾ

 മുഴുവൻ സ്റ്റേഷനുകളും മോഡൽ സ്റ്റേഷനായ ഏകപാതയാണിത്

...............................................

# തീരദേശപാത

 1989: എറണാകുളം-ആലപ്പുഴ പാത കമ്മിഷൻ ചെയ്തു

 1991: കായംകുളം വരെയുള്ള രണ്ടാം ഘട്ടം കമ്മിഷനിംഗ്

 110 കി.മീ: എറണാകുളം - കായംകുളം ദൈർഘ്യം

 70 കി.മീ: അമ്പലപ്പുഴ - എറണാകുളം ദൈർഘ്യം

............................................

പാത ഇരട്ടിപ്പിക്കാനുള്ള റെയിൽവേ ബോർഡ് തീരുമാനം സ്വാഗതം ചെയ്യുന്നു. സ്ഥലത്തിന്റെ വില നൽകുന്നതിലുള്ള തർക്കമായിരുന്നു തടസമായി നിന്നത്. മുഖ്യമന്ത്രിയും റെയിൽവേയുടെ ചുമതലയുള്ള ഞാനും വിഷയത്തിൽ ഇടപെട്ട് തുടർ പ്രവർത്തനങ്ങൾ നടത്തിയിരുന്നു

(മന്ത്രി ജി.സുധാകരൻ)

.................................

കേന്ദ്ര മന്ത്രിക്കും ദക്ഷിണ മേഖല റെയിൽവേ ചെയർമാനും നൽകിയ നിവേദനത്തെ തുടർന്നാണ് പാത ഇരട്ടിപ്പിക്കലിന്റെ പൂർണ്ണ ചിലവ് റെയിൽവേ വഹിക്കുന്നത്. അമ്പലപ്പുഴ - എറണാകുളം പാത ഇരട്ടിപ്പിക്കലിന് ഏറ്റെടുക്കുന്ന മുഴുവൻ സ്ഥലത്തിന്റെയും വില റെയിൽവേ നൽകും. സംസ്ഥാനത്ത് ഇത്തവണ അമ്പലപ്പുഴ - എറണാകുളം പാത ഇരട്ടിപ്പിക്കലിന് മാത്രമാണ് അംഗീകാരം ലഭിച്ചത്

(എ.എം.ആരിഫ് എം.പി)