other

 അന്യസംസ്ഥാന തൊഴിലാളികളുമായി ആദ്യ ട്രെയിൻ ഇന്ന് ബീഹാറിലേക്ക്

ആലപ്പുഴ: അന്യസംസ്ഥാന തൊഴിലാളികളുമായി ആലപ്പുഴ ജില്ലയിൽ നിന്നുള്ള ആദ്യ ട്രെയിൻ ഇന്ന് വൈകിട്ട് മൂന്നിന് ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. ബീഹാറിലെ കത്തിഹാറിലേക്കുള്ള 1140 തൊഴിലാളികളാണ് യാത്രക്കാർ.

അമ്പലപ്പുഴ, മാവേലിക്കര താലൂക്കുകളിലെ അന്യസംസ്ഥാന തൊഴിലാളികളാണ് 'ഓപ്പറേഷൻ സ്‌നേഹയാത്ര' എന്ന് പേരിട്ടിട്ടുള്ള ആദ്യ ഘട്ടത്തിലുള്ളത്. മാവേലിക്കരയിൽ നിന്ന് ഉച്ചയ്ക്ക് 12 മണിയോടെ 21 കെ.എസ്.ആർ.ടി.സി ബസുകളിലും അമ്പലപ്പുഴ നിന്ന് ഉച്ചയ്ക്ക് ഒന്നോടെ 23 ബസുകളിലുമാണ് തൊഴിലാളികളെ റെയിൽവേസ്​റ്റേഷനിൽ എത്തിക്കുക. സാമൂഹിക അകലം പാലിച്ച് ഒരു ബസിൽ 27 പേർ മാത്രമേ ഉണ്ടാവൂ. റവന്യു, പൊലീസ്, ലേബർ ഉദ്യോഗസ്ഥർ അടങ്ങിയ സംഘമാണ് തൊഴിലാളികളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്.

ടിക്ക​റ്റിനുള്ള തുക നൽകി തിരിച്ചു പോകാൻ തയ്യാറുള്ള തൊഴിലാളികളെ പരിശോധിച്ച് മെഡിക്കൽ സർട്ടിഫിക്ക​റ്റ് നൽകാനുള്ള നടപടികൾ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.

 ടിക്കറ്രും ഭക്ഷണവും

ടിക്ക​റ്റ്, ഭക്ഷണക്കി​റ്റ് എന്നിവ നൽകിയാണ് ഇവരെ റെയിൽവേ സ്​റ്റേഷനിലേക്ക് എത്തിക്കുക. യാത്രക്കാരുടെ ബോഗി നമ്പറുകൾ അനുസരിച്ചായിരിക്കും കെ.എസ്.ആർ.ടി.സി ബസിൽ കയ​റ്റുക. ശാരീരിക അകലം പാലിച്ചുള്ള ക്രമീകരണമാണ് ട്രെയിനിലും ബസിലും ഒരുക്കുന്നത്. എല്ലാവർക്കും മാസ്ക് നിർബന്ധമാണ്. ഒരു തരത്തിലും കൂട്ടം കൂടാതിരിക്കാനുള്ള നടപടികൾ പൊലീസ് സ്വീകരിക്കും. മെഡിക്കൽ സർട്ടിഫിക്ക​റ്റ്, യാത്രയ്ക്കുള്ള ടിക്ക​റ്റ്, രണ്ടുനേരമെങ്കിലും കഴിക്കാനുള്ള ഭക്ഷണം എന്നിവ സഹിതമാണ് യാത്രയാക്കുക. ചപ്പാത്തി, ഏത്തപ്പഴം, ബ്രെഡ്, അച്ചാർ, സവാള, പച്ചമുളക്, വെള്ളം തുടങ്ങിയവ തഹസിൽദാർമാരുടെ നേതൃത്വത്തിൽ തയ്യാറാക്കുന്നുണ്ട്. യാത്രയുടെ മുന്നൊരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന്റെ ഭാഗമായി കളക്ടർ എം. അഞ്ജന പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം മാവേലിക്കര, അമ്പലപ്പുഴ മേഖലകളിലെ ബോർഡിംഗ് പോയിന്റുകൾ സന്ദർശിച്ചു.