കായംകുളം: കേസുകളിൽ പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച കായംകുളം സി.ഐയ്ക്കെതിരെ പാർട്ടി നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കായംകുളത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൂട്ടമായി രാജിവെച്ച സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ കായംകുളം ഏരിയാ കമ്മിറ്റിക്ക് നിർദ്ദേശം നൽകി. ഡി.വൈ.എഫ്.ഐ കായംകുളം ബ്ലോക്ക് പ്രസിഡന്റ് അനീഷ്, സെക്രട്ടറി റഫീഖ് എന്നിവരുൾപ്പെടെ 21 അംഗങ്ങളുള്ള ബ്ലോക്ക് കമ്മിറ്റിയിൽ 19 പേരും കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. എം.എൽ.എ യു. പ്രതിഭയും സി.പി.എം ജില്ലാ കമ്മിറ്റി അംഗവും കായംകുളം നഗരസഭ ചെയർമാനുമായ എൻ.ശിവദാസനും തമ്മിലുള്ള പോരും വിഭാഗീയതയ്ക്ക് ശക്തി പകർന്നു.
ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്റും പത്തോളം കേസുകളിൽ പ്രതിയുമായ സാജിദിന്റെ വാടക വീട്ടിലേക്ക് കായംകുളം സി.ഐ ഗോപകുമാർ രാത്രിയിൽ തോക്കുമായെത്തി പരിശോധന നടത്തിയതാണ് നിലവിലെ സംഭവ വികാസങ്ങൾക്കു തുടക്കം. തുടർന്ന് കെട്ടിടം ഉടമ ഇയാളുടെ ഭാര്യയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. ഇത് സി.ഐയുടെ നിർദ്ദേശപ്രകാരം ആണന്നാണ് ആരോപണം.
സി.ഐയെ പിന്തുണയ്ക്കുന്നത് എം.എൽ.എ ആണെന്നാണ് ഡി.വൈ.എഫ്.ഐ നേതാക്കളുടെ പരാതി. എന്നാൽക്രമിനലുകളെ പാർട്ടി സംരക്ഷിച്ചാൽ ജനങ്ങളോട് മറുപടി പറയാൻ കഴിയില്ലന്നും ചിലർ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് സംഘടനയെ മറയാക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് കൂടുതൽ നേതാക്കൾ രംഗത്തെത്തിയിരുന്നു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രതിഭ എം.എൽ.എയ്ക്കെതിരെ ആരോപണം ഉന്നയിച്ചത് ഈ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്.ഹെൽമറ്റ് വയ്ക്കാതെ ബൈക്കിലെത്തിയ നഗരസഭ ചെയർമാൻ എൻ.ശിവദാസനെക്കൊണ്ട് പെറ്റി അടപ്പിച്ചതും സി.ഐ ഗോപകുമാറായിരുന്നു.
ഡി.വൈ.എഫ്.ഐ നേതാക്കളുടെ രാജിക്കത്ത്
'കായംകുളത്തെ പൊലീസ് നിരന്തരമായി ഡി.വൈ.എഫ്.ഐ സഖാക്കളെ ആക്രമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ബ്ലോക്ക് വൈസ് പ്രസിഡന്റ് സഖാവ് സാജിദിന്റെ വീട്ടിൽ നിരന്തരമായ പ്രശ്നങ്ങളാണ് സി.ഐയുടെ നേതൃത്വത്തിൽ നടത്തുന്നത്. ഇത് കൂടാതെ എം.എൽ.എ ഓഫീസ് സെക്രട്ടറി വിദ്യാസാഗർ കഴിഞ്ഞ ദിവസം കായംകുളം നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിൽ വച്ച്, എന്ത് വിലകൊടുത്തും സാജിദിനെ സി.ഐ അറസ്റ്റ് ചെയ്യുമെന്ന് പറയുകയുണ്ടായി. അത് സി.ഐ നടപ്പിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ സിഐക്കെതിരെ നടപടി സ്വീകരിക്കാൻ പാർട്ടിക്ക് കഴിയാത്തത് ഖേദകരമാണ്. ഈ കാരണത്താൽ താഴെ പറയുന്ന സഖാക്കൾ ഡി.വൈ.എഫ്.ഐ പ്രവർത്തനത്തിൽ നിന്ന് പിൻമാറുകയാണെന്ന് അറിയിക്കുന്നു...'