ആലപ്പുഴ: സ്വന്തം നാട്ടിലേക്കു മടങ്ങാൻ വഴി തെളിഞ്ഞെങ്കിലും തിരികെയെത്തുമ്പോൾ ജോലി ഉണ്ടാവുമോ എന്ന ആശങ്കയിലാണ് അന്യസംസ്ഥാന തൊഴിലാളികളിൽ ഒരു വിഭാഗം. വൻകിട കരാരുകാർക്കൊപ്പം പണിയെടുക്കുന്ന നല്ലൊരു വിഭാഗവും നാട്ടിലേക്ക് മടങ്ങാൻ വലിയ താത്പര്യം കാട്ടിയിട്ടില്ല. ജോലിയില്ലാത്ത സമയത്തും ഇവർക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ടൊന്നും നേരിട്ടിരുന്നില്ല. നിർമ്മാണ മേഖല വീണ്ടും സജീവമായാൽ ബംഗാളിലേക്ക് മടങ്ങിപ്പോകുന്നവരുടെ എണ്ണം കുറഞ്ഞേക്കുമെന്നാണ് തൊഴിൽ വകുപ്പിന്റെ വിലയിരുത്തൽ.

ബിഹാറിലേക്കുള്ള സംഘം ഇന്നു പുറപ്പെടുന്നതോടെ ജില്ലയിൽ നിന്ന് ഇനി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നത് 18,000 ത്തോളം അന്യസംസ്ഥാന തൊഴിലാളികളാണ്. തൊഴിൽ വകുപ്പിന്റെ വിവരശേഖരണ പ്രകാരം 19,015 അന്യസംസ്ഥാനക്കാരാണ് ജില്ലയിൽ വിവിധ മേഖലകളിലായി പണിയെടുക്കുന്നത്. (വിവരശേഖരണത്തിൽ ഉൾപ്പെടാത്ത ചെറിയൊരു വിഭാഗവുമുണ്ട്).

ഒഡീഷയിലേക്കുള്ള തൊഴിലാളികളുമായി മേയ് ആറിന് അടുത്ത ട്രെയിൻ യാത്ര തിരിക്കും.

അമ്പലപ്പുഴയിൽ നിന്ന് 546 പേരുടെ യാത്രാലിസ്റ്രാണ് തയ്യാറാക്കിയതെങ്കിലും അവസാന നിമിഷത്തിൽ ചിലർ പിന്മാറിയിട്ടുണ്ട്.മാവേലിക്കരയിൽ നിന്നു 580 പേരുടെ ലിസ്റ്രും. ഇതിലും ചിലരെങ്കിലും ഒഴിവായേക്കും. ജില്ലയിൽ താമസിക്കുന്ന 9000 ത്തോളം തൊഴിലാളികൾ പശ്ചിമബംഗാളിൽ നിന്നുള്ളവരാണ്. ഇതിലേറെയും നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നവരും. ലോക്ക്ഡൗൺ ഇളവുകൾ വന്നതോടെ ചില പ്രദേശങ്ങളിൽ മണലും സിമന്റും ഇഷ്ടികയുമടക്കമുള്ള നിർമ്മാണ സാധനങ്ങൾ എത്തിയതോടെ പണികൾ പുനരാരംഭിച്ചിട്ടുണ്ട്.

തിരികെയെത്തുമ്പോൾ തൊഴിൽ നഷ്ടമാവുമോയെന്ന ആശങ്ക ചെറിയൊരു ശതമാനത്തിനുണ്ട്.