അമ്പലപ്പുഴ: മെഡി. ആശുപത്രിയിലെ പ്രസവ വിഭാഗത്തിലെത്തിയ, ആറുമാസം ഗർഭിണിയായ യുവതിയും ഭർത്താവും തങ്ങൾ ചെന്നൈയിൽ ആയിരുന്നെന്ന് ഡോക്ടർമാരോട് കളവ് പറഞ്ഞത് ആശങ്കയുണ്ടാക്കി. കൊവിഡ് ആനുകൂല്യം തട്ടുകയായിരുന്നു ലക്ഷ്യമെന്ന് ബോദ്ധ്യമായതോടെ ഇവർക്കെതിരെ പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് ആശുപത്രി അധികൃതർ.

ഗർഭിണിയായ ശേഷം ആദ്യമായാണ് ഇവർ ചികിത്സയ്ക്കെത്തിയത്. ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. തോട്ടപ്പള്ളി സ്വദേശികളായ തങ്ങൾ ചെന്നൈയിലായിരുന്നു എന്നാണ് ഭർത്താവ് നൽകിയ വിശദീകരണം. ഇതോടെ പരിഭ്രമിച്ച ഡോക്ടർമാർ യുവതിയേയും മറ്റു ബന്ധുക്കളെയും സുരക്ഷാ കവചമണിയിച്ചു. യുവാവിന്റെ സംസാരത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ കുടുംബത്തിന്റെ വിവരം തോട്ടപ്പളളിയിലെ ആശാ പ്രവർത്തകയോടു തിരക്കിയപ്പോൾ ഇവരാരും ചെന്നൈയിൽ പോയിട്ടില്ലെന്ന് വ്യക്തമായി. തുടർന്ന് യുവതിയെ പ്രസവ വാർഡിൽ പ്രവേശിപ്പിച്ചു.