ആലപ്പുഴ: പാർട്ടിയുടെ പ്രധാന ചുമതലകളിലുള്ളവരെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്ക് പിന്നാലെ ഡി.വൈ.എഫ്.ഐ കായംകുളം ബ്ളോക്ക് കമ്മിറ്റിയിലെ കൂട്ടരാജി സി.പി.എം നേതൃത്വത്തിന് തലവേദനയായി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ സെക്രട്ടറി ആർ.നാസർ ഡി.വൈ.എഫ്.ഐ ജില്ലാ നേതൃത്വത്തോട് നിർദ്ദേശിച്ചു.
21 അംഗ ബ്ളോക്ക് കമ്മിറ്റിയിൽ നിന്ന് 19 പേരാണ് രാജിവച്ചത്. കായംകുളം എം.എൽ.എ യു.പ്രതിഭാ ഹരിയും, ഡി.വൈ.എഫ്.ഐ പ്രാദേശിക നേതൃത്വവുമായുള്ള ഉരസലിന് പിന്നാലെ, ബ്ളോക്ക് വൈസ് പ്രസിഡന്റ് സാജിദിന്റെ വീട്ടിൽ കായംകുളം സി.ഐ രാത്രിയിൽ തോക്കുമായെത്തി പരിശോധന നടത്തിയതും പ്രശ്നങ്ങൾ ആളിക്കത്തിച്ചു.സി.ഐയ്ക്കെതിരെ നടപടി വേണമെന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും പാർട്ടി നേതൃത്വത്തിൽ നിന്ന് അനുകൂല നിലപാടുണ്ടായില്ല. യുവജന വിഭാഗം നേതാക്കളെ സി.ഐ നിരന്തരം ശല്യപ്പെടുത്തുന്നതായും പരാതിയുണ്ട്. കായംകുളം എം.എൽ.എയാണ് സി.ഐയെ പിന്തുണയ്ക്കുന്നതെന്ന ആരോപണവും അവർ ഉന്നയിച്ചു.എം.എൽ.എയുടെ ഓഫീസ് സെക്രട്ടറിക്കെതിരെയും യുവജനവിഭാഗത്തിന് ആക്ഷേപമുണ്ട്.ഹെൽമറ്റ് ധരിക്കാത്തതിന്റെ പേരിൽ കായംകുളം നഗരസഭാ ചെയർമാൻ ശിവദാസന് സി.ഐ 500 രൂപ പിഴ ചുമത്തിയതും വിവാദമായിരുന്നു..
തദ്ദേശ തിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ പാർട്ടി പ്രവർത്തകരിലംലും യുവജന വിഭാഗം നേതൃത്വത്തിലുമുള്ള അഭിപ്രായ ഭിന്നതയും രാജിയും ദോഷകരമാവുമെന്ന് പാർട്ടി പ്രാദേശിക നേതൃത്വം വിലയിരുത്തുന്നു. ജില്ലാ സെക്രട്ടറി പ്രശ്നത്തിൽ വിശദീകരണം തേടിയെങ്കിലും പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിൽ ഉടൻ ഇക്കാര്യം ചർച്ചചെയ്യാൻ ഇടയില്ല.ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് പൊലീസ് അശ്രാന്തസേവനം നടത്തുന്ന ഘട്ടത്തിൽ ,ഒരു ഉദ്യോഗസ്ഥനെതിരെ നടപടിയെക്കുന്നത് ഗുണകരമാവില്ലെന്നും ചില നേതാക്കൾക്ക് അഭിപ്രായമുണ്ട്.