photo

മാരാരിക്കുളം: ഉപയോഗശേഷം റോഡരികിലും മറ്റും വലിച്ചെറിയുന്ന മാസ്കുകൾ ശേഖരിച്ച് നശിപ്പിച്ച് പൊതു പ്രവർത്തകനും ആട്ടോ ഡ്രൈവറുമായ ഷാജി മാതൃകയാകുന്നു.മാരാരിക്കുളം തെക്ക് പഞ്ചായത്ത് 8-ാം വാർഡിൽ പാതിരപ്പള്ളി തൈപ്പറമ്പിൽ ടി.പി.ഷാജിയാണ് (47) കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തന്റെ ഇടം വ്യത്യസ്തമാക്കുന്നത്.

ചെട്ടികാട് താലൂക്ക് ആശുപത്രി,പഞ്ചായത്ത് ഓഫീസ്, മറ്റ് പാതയോരങ്ങൾ,ആര്യാട് പഞ്ചായത്ത് പ്രദേശങ്ങൾ, ദേശീയപാതയോരം എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച നൂറുകണക്കിന് മാസ്കുകളാണ് ഷാജി ഇതിനകം കത്തിച്ച് നശിപ്പിച്ചത്.എല്ലാ ദിവസവും രാവിലെ ബൈക്കിൽ വീട്ടിൽ നിന്ന് പുറപ്പെടുന്ന ഷാജി ബ്ലീച്ചിംഗ് പൗഡർ,മാസ്ക് എടുക്കുന്നതിനുള്ള പ്ലക്കർ,സാനിട്ടൈസർ എന്നിവ കരുതും.ശേഖരിക്കുന്ന മാസ്കുകൾ ആളൊഴിഞ്ഞ സ്ഥലം കണ്ടെത്തി കത്തിച്ച് നശിപ്പിക്കും. ഒന്നര വർഷത്തിലധികമായി ഉദയ സ്റ്റുഡിയോ മുതൽ ബീച്ച് ജംഗ്ഷൻ വരെയുള്ള റോഡിൽ രാത്രി വൈകിവരുന്ന സ്ത്രീകൾക്ക് ഷാജി സൗജന്യ യാത്രയൊരുക്കുന്നുണ്ട്.

രണ്ടര കിലോമീറ്റർ മാത്രമുള്ള റോഡിൽ 10 ഓളം മാലപൊട്ടിക്കൽ സംഭവങ്ങൾ നടന്നതോടെയാണ് വൈകിട്ട് 6.30 മുതൽ രാത്രി എട്ടരവരെ ഷാജി സൗജന്യ യാത്ര ആരംഭിച്ചത്. ചില അവസരങ്ങളിൽ വലിയ കലവൂർ ക്ഷേത്രത്തിൽ ദീപാരാധന കഴിഞ്ഞ് മടങ്ങുന്ന പ്രദേശവാസികളെയും വീട്ടിലെത്തിക്കും.