ചാരുംമൂട്: ഹൈവേ പൊലീസ് സംഘത്തെ കയ്യേറ്റം ചെയ്ത രണ്ടുപേർ പിടിയിൽ. ആദിക്കാട്ടുകുളങ്ങര ആഷിക് മൻസിൽ ആഷിക് (30), ദാറുൽ സലാം വീട്ടിൽ മുഹമ്മദ് സുൽഫി (45)എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കെ.പി റോഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ സുനിൽകുമാർ, സി.പി.ഒ രാഹുൽ എന്നിവരെ മർദ്ദനമേറ്റ പരിക്കുകളോടെ കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസ് പറയുന്നത്: ഇന്നലെ രാവിലെ 11.30 ഓടെ നൂറനാട് പള്ളിമുക്ക് ഭാഗത്ത്, ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് സുൽഫിയുടെ മകനുൾപ്പെടെ രണ്ട് പേർ സ്കൂട്ടറിൽ പച്ചക്കറിയുമായി വന്നപ്പോൾ പൊലീസ് തടഞ്ഞു വാഹനം കസ്റ്റഡിയിൽ എടുത്തു. വിവരമറിഞ്ഞ് സുൽഫിയും ആഷിക്കും ആദിക്കാട്ടുകുളങ്ങരയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൈവേ പോലീസ് സംഘത്തെ, സ്കൂട്ടർ കസ്റ്റഡിയിലെടുത്ത പൊലീസ് സംഘമെന്നു കരുതി കയ്യേറ്റം ചെയ്യുകയായിരുന്നു.