photo

ചേർത്തല: കാൽനട യാത്രക്കാരിയുടെ ആറ് പവന്റെ മാലകൾ ബൈക്കിലെത്തി പൊട്ടിച്ച് കടന്ന കേസിൽ ഒളിവിലായിരുന്ന പ്രതി മൂന്ന് വർഷത്തിന് ശേഷം ചേർത്തല പൊലീസിന്റെ പിടിയിലായി. കൊല്ലം മൈനാഗപ്പള്ളി പഞ്ചായത്ത് 20-ാം വാർഡിൽ തുണ്ടുവിള കിഴക്കേതിൽ ഷിഹാദിനെയാണ് (35) ചേർത്തല എസ്.ഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

2017 നവംബർ രണ്ടിന് വൈകിട്ടായിരുന്നു സംഭവം. മതിലകം ഗ്രീൻഗാർഡൻസ് ആശുപത്രിക്ക് പടിഞ്ഞാറ് ഭാഗത്തെ ഇടറോഡിലൂടെ നടന്ന് പോകുകയായിരുന്ന മുനിസിപ്പൽ 18-ാം വാർഡിൽ കൊല്ലേലിവെളി സരസ്വതിയുടെ രണ്ട് മാലകളാണ് കവർന്നത്. കേസിലെ ഒന്നാം പ്രതി മൈനാഗപ്പള്ളി സ്വദേശി കോയമോനെ നേരത്തെ അറസ്​റ്റ് ചെയ്തിരുന്നു. രണ്ടാം പ്രതിയായ ഷിഹാദ് ആലപ്പുഴ സൗത്ത് പൊലീസ് സ്​റ്റേഷനിലെ സമാന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുന്നതിനിടെയാണ് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം മൈനാഗപ്പള്ളിയിലെത്തി പിടികൂടിയത്.ഗ്രേഡ് എസ്‌.ഐ എസ്.മനോജൻ, സി.പി.ഒമാരായ എ. ശ്യാംകുമാർ,ഡാരൽ നെക്‌സൺ,എൻ.എ.അബിൻ,എസ്.ശരത് ലാൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.