ആലപ്പുഴ: പ്രധാന ചുമതലകളിലുള്ളവരെ ചുറ്രിപ്പറ്രി ഉണ്ടായ വിവാദങ്ങൾക്ക് പിന്നാലെ ഡി.വൈ.എഫ്.ഐ ബ്ളോക്ക് കമ്മിറ്രിയിലെ കൂട്ടരാജി കായംകുളത്ത് സി.പി.എം ഏരിയ നേതൃത്വത്തിന് തലവേദനയായി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ സെക്രട്ടറി ആർ.നാസർ ഡി.വൈ.എഫ്.ഐ ജില്ലാ നേതൃത്വത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
21 അംഗ ബ്ളോക്ക് കമ്മിറ്റിയിൽ നിന്ന് 19 പേരാണ് രാജിവച്ചത്. കായംകുളം എം.എൽ.എ യു.പ്രതിഭയും ഡി.വൈ.എഫ്.ഐ പ്രാദേശിക നേതൃത്വവുമായുള്ള ഉരസലിന് പുറമെ, ബ്ളോക്ക് വൈസ് പ്രസിഡന്റ് സാജിദിന്റെ വീട്ടിൽ കായംകുളം സി.ഐ രാത്രിയിൽ തോക്കുമായി എത്തി പരിശോധന നടത്തിയ സംഭവമാണ് പ്രശ്നങ്ങൾ ആളിക്കത്തിച്ചത്.സി.ഐയ്ക്കെതിരെ എന്തെങ്കിലും തരത്തിലുള്ള നടപടി വേണമെന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും പാർട്ടി നേതൃത്വത്തിൽ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ല. യുവജന വിഭാഗം നേതാക്കളെ സി.ഐ നിരന്തരം ശല്യപ്പെടുത്തുന്നതായും അവർക്ക് പരാതിയുണ്ട്. മാത്രമല്ല, കായംകുളം എം.എൽ.എയാണ് സി.ഐയെ പിന്തുണയ്ക്കുന്നതെന്ന ആരോപണവും അവർ ഉന്നയിച്ചു.എം.എൽ.എയുടെ ഓഫീസ് സെക്രട്ടറിക്കെതിരയെും യുവജനവിഭാഗത്തിന് ആക്ഷേപമുണ്ട്.
ഹെൽമറ്റ് ധരിക്കാത്തതിന്റെ പേരിൽ കായംകുളം നഗരസഭാ ചെയർമാൻ ശിവദാസന് സി.ഐ 500 രൂപ പിഴ ചുമത്തിയ സംഭവവും വിവാദമായിരുന്നു.ഡി.വൈ.എഫ്.ഐ നേതാക്കളിൽ പലരും നഗരസഭാ ചെയർമാനുമായി അടുപ്പമുള്ളവരാണെന്നും പറയപ്പെടുന്നു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പാർട്ടി പ്രവർത്തകർക്കിടയിലും യുവജന വിഭാഗം നേതൃത്വത്തിലും ഉണ്ടായിട്ടുള്ള അഭിപ്രായ ഭിന്നതയും രാജിയും ദോഷകരമാവുമെന്ന് പാർട്ടി പ്രാദേശിക നേതാക്കൾ വിലയിരുത്തുന്നു. ജില്ലാ സെക്രട്ടറി പ്രശ്നത്തിൽ വിശദീകരണം തേടിയിട്ടുണ്ടെങ്കിലും ജില്ലാ കമ്മിറ്റിയോഗത്തിൽ ഉടൻ ഇക്കാര്യം ചർച്ചചെയ്യാൻ ഇടയില്ല.ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് പൊലീസ് അശ്രാന്തസേവനം നടത്തുന്ന ഘട്ടത്തിൽ ഒരു ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുന്നത് ഗുണകരമാവില്ലെന്നും ചില നേതാക്കൾക്ക് അഭിപ്രായമുണ്ട്.