 ഒരു മാസത്തിനുള്ളിൽ 10 കോടിയുടെ വർദ്ധന

ആലപ്പുഴ: ലോക്ക് ഡൗൺ കാലത്ത് മരുന്നുകളുടെ വിറ്റുവരവിൽ ജൻ ഔഷധി കേന്ദ്രങ്ങൾ കൈവരിച്ചത് റെക്കാഡ് നേട്ടം . ഏപ്രിൽ മാസത്തിൽ രാജ്യത്താകമാനം 52 കോടി രൂപയുടെയും കേരളത്തിൽ 9 കോടിയുടെയും കച്ചവടമാണ് ജൻ ഔഷധിയിൽ നടന്നത്. മാർച്ചിൽ ആകെ 42 കോടിയേ വിറ്റുവരുണ്ടായിരുന്നുള്ളൂ. ശരാശരി 70 ശതമാനം വിലക്കുറവിൽ ലഭിക്കുന്ന ജനറിക്ക് മരുന്നുകളിലേക്ക് തിരിഞ്ഞതോടെ ജനങ്ങൾക്കും വൻലാഭമാണുണ്ടായത്. കൊവിഡ് കാലത്ത് മരുന്നു ക്ഷാമമുണ്ടാകരുതെന്ന കർശന നിർദേശം കേന്ദ്ര രാസവസ്തു, രാസവളം മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ബ്യൂറോ ഓഫ് ഫാർമ നൽകുകയും അതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. എയർ ലിഫ്റ്റ് വഴിയാണ് സംസ്ഥാനത്തിന് ആവശ്യമായ മരുന്നുകൾ എത്തിച്ചത്. ഇൻസുലിൻ അടക്കമുള്ള ജീവൻരക്ഷാ മരുന്നുകൾക്ക് ജൻ ഔഷധികേന്ദ്രങ്ങളിൽ ക്ഷാമമുണ്ടായില്ല. സാധാരണ നടക്കുന്നതിലും മൂന്നിരട്ടി കച്ചവടമാണ് വിവിധ ജൻ ഔഷധി കേന്ദ്രങ്ങളിൽ നടന്നത്. പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതി പ്രകാരം പ്രവർത്തിക്കുന്ന ജൻ ഔഷധിയിൽ ജനറിക് നാമത്തിലാണ് മരുന്നുകൾ വിൽപ്പനയ്ക്കെത്തുന്നത്

മിതമായ നിരക്കിൽ

900 : ഇനം ഗുണനിലവാരമുള്ള ജനറിക് മരുന്നുകൾ

154 : ശസ്ത്രക്രിയാ ഉപകരണങ്ങൾ .

.

2020 ഏപ്രിൽ വിറ്റുവരവ്- 52 കോടി രൂപ ( ഇന്ത്യ) - 9 കോടി രൂപ ( കേരളം )

2019 ഏപ്രിൽ വിറ്റുവരവ് - 17 കോടി രൂപ ( ഇന്ത്യ) - 5.5 ലക്ഷം രൂപ ( കേരളം )

ജൻഔഷധി കേന്ദ്രങ്ങൾ

രാജ്യത്ത് - 6500

കേരളത്തിൽ - 500

......................

ജൻ ഔഷധി സുഗം

ജൻ ഔഷധി കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനും മിതമായ വിലയിൽ ലഭിക്കുന്ന ജനറിക് മരുന്നുകളുടെ ലഭ്യതയെക്കുറിച്ച് അറിയുന്നതിനും ബ്യൂറോ ഒഫ് ഫാർമ വികസിപ്പിച്ച ആപ്ലിക്കേഷനാണ് ജൻ ഔഷധി സുഗം. ജൻ ഔഷധി കേന്ദ്രങ്ങളിലേക്ക് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ വഴികാട്ടുക, ബ്രാൻഡഡ് മരുന്നുകളും ജനറിക് മരുന്നും തമ്മിലുള്ള ഗുണ-വിലവ്യത്യാസം തുടങ്ങിയവ വീട്ടിലിരുന്നുതന്നെ മനസിലാക്കുക എന്നിവയാണ് ഈ ഡിജിറ്റൽ പ്ലാറ്റ്ഫോം കൊണ്ടുള്ള പ്രയോജനം.

........

'' ലോക്ക് ഡൗണിനെ നേരിടാൻ എല്ലാ ജൻ ഔഷധികേന്ദ്രങ്ങളിലും ആവശ്യത്തിനു മരുന്ന് സ്റ്റോക്ക് ലഭിച്ചിരുന്നു. സാധാരണ നിലയിലും മൂന്നിരട്ടി കച്ചവടമാണ് ഏപ്രിൽ മാസത്തിൽ നടന്നത്. കേരളത്തിലെ ജനങ്ങൾക്ക് മരുന്നുകൾ വാങ്ങിയ ഇനത്തിൽ 63 ലക്ഷം രൂപയുടെ ലാഭമുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്''

- സി. സനൽകുമാർ, റീട്ടെയിൽ ഔഷധ ഫോറം സംസ്ഥാന ചെയർമാൻ