photo

 നൂറോളം വീടുകൾ ഇപ്പോഴും വെള്ളത്തിൽ

ആലപ്പുഴ: തുടർച്ചയായുണ്ടാകുന്ന മടവീഴ്ചയെത്തുടർന്ന് കൈനകരി കനകാശേരി പാടശേഖരത്തിലെ ബണ്ടുകളിൽ താമസിക്കുന്ന കുടുംബങ്ങളുടെ ജീവിതം ദുരിതത്തിൽ. നൂറോളം വീടുകൾ വെള്ളത്തിലായിട്ട് മാസങ്ങളായി.

മടവീണ് ആറുമാസം കഴിഞ്ഞിട്ടും പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്തുന്നതിന് സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുകയാണ് കർഷകർ. കൽകെട്ടി ബലമുള്ള ബണ്ടുകൾ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് 100ൽ അധികം വീട്ടമ്മമാർ കളക്ടർ എം.അഞ്ജനയ്ക്ക് കഴിഞ്ഞ ഡിസംബറിൽ പരാതി നൽകിയെങ്കിലും തുടർ നടപടിയൊന്നും ഉണ്ടായില്ല. വെള്ളം കെട്ടിക്കിടക്കുന്നതു മൂലം വീടുകൾക്ക് ബലക്ഷയം ഉണ്ടായി തുടങ്ങി.

കഴിഞ്ഞ ഡിസംബർ ആദ്യവാരത്തിലാണ് അവസാനമായി മടവീണ് 800ഏർക്കർ കൃഷി നശിച്ചത്. ഒരു പുറംബണ്ട് പൊട്ടിയാൽ കനകാശേരി, മീനപ്പള്ളി, വലയികരി പാടശേഖരങ്ങൾ വെള്ളത്തിൽ മുങ്ങി താഴും. 500കുടുംബങ്ങൾ പാടശേഖരങ്ങളുടെ ബണ്ടുകളിൽ താമസിക്കുന്നത്. പാടശേഖരങ്ങളുടെ മദ്ധ്യഭാഗത്തായി 100കുടുംബങ്ങൾ പൂർണ്ണമായും മുങ്ങും. ഈ കുടുംബങ്ങൾ വെള്ളക്കെട്ടിൽ മുങ്ങുന്നതിനാൽ ഇവർക്ക് കുടിവെള്ളം എടുക്കണമെങ്കിൽ പോലും രണ്ട് കിലോമീറ്ററോളം വെള്ളത്തിൽ നീന്തി പുറം ബണ്ടിൽ എത്തണം.പ്രദേശത്തുള്ള കുപ്പപ്പുറം ഗവ.ഹൈസ്‌ക്കൂൾ വെള്ളത്തിൽ മുങ്ങുന്നതിനാൽ കുട്ടികളുടെ പഠനം പാതി വഴകിയിലാകും. തുടർച്ചതാതി മൂന്ന് തവണ പാടശേഖരത്തിന്റെ പുറംബണ്ട് തകർന്ന് മടവീണ് കൃഷി നശിച്ചെങ്കിലും ഒരു രൂപപോലും നഷ്ടപരിഹാരം നൽകിയില്ലെന്ന് കർഷകർ പറഞ്ഞു. വലിയകരി - കനകാശേരി പാടശേഖരങ്ങളെ വേർപെടുത്തുന്ന തട്ടുങ്കൽ ബണ്ടും മീനപ്പള്ളി - കനകാശേരി പാടങ്ങളെ വേർതിരിക്കുന്ന കമ്പനി വാർഡ് ബണ്ടുകളും ഉയരം കൂട്ടി ബലപ്പെടുത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

800 : ഏക്കറിലെ കൃഷി നശിച്ചത് കഴിഞ്ഞ ഡിസംബറിൽ

500 : പാടശേഖരങ്ങളുടെ ബണ്ടുകളിൽ താമസിക്കുന്ന കുടുംബങ്ങൾ

 ഒരു മട വീഴ്ചയിൽ

മുങ്ങുക മൂന്ന് പാടം

കൈനകരി കനകാശേരി,വലിയകരി, മീനപ്പള്ളി പാടശേഖരങ്ങൾ ഒരു പുറംബണ്ടിന്റെ സംരക്ഷണത്തിലാണ്. ഏതെങ്കിലും ഒരു പാടശേഖരത്തിൽ മടവീണാൽ മൂന്ന് പാടവും മുങ്ങും. കഴിഞ്ഞ ഡിസംബറിൽ പുറംബണ്ട് പൊട്ടിയാണ് കൈനകരി കനകാശേരി പാടശേഖരം മുങ്ങിയിരുന്നു. വിത കഴിഞ്ഞ് 23വരെ ദിവസം പ്രായമായ 800 ഏക്കറിലെ നെൽച്ചെടികളാണ് വെള്ളത്തിലായത്. വലിയകരി, മീനപ്പള്ളി പാടശേഖരങ്ങളും മടവീഴ്ചയിൽ മുങ്ങി. കഴിഞ്ഞ ആഗസ്റ്റിൽ ഉണ്ടായ പ്രളയത്തിൽ കനകാശേരി ചിറയിൽ 17 മീറ്റർ നീളത്തിലാണ് മടവീണത്. ഇവിടെ കൃഷിവകുപ്പിന്റെ എൻജിനിയറിംഗ് വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ച 32 മീറ്റർ നീളത്തിൽ മണൽചാക്ക് അടുക്കി ബണ്ട് നിർമ്മിച്ചത്. ഇതിന്റെ ഇരുഭാഗത്തും പിള്ള ബണ്ട് നിർമ്മാണം നടക്കുന്നതിനിടെ വേലിയേറ്റത്തിൽ മണൽചാക്ക് ഒലിച്ചു പോയാണ് വീണ്ടും മടവീണത്.