കായംകുളം: കായംകുളത്ത് ഡി.വൈ.എഫ്.ഐ ബ്ളോക്ക് കമ്മിറ്റിയിലെ 19 പേർ രാജിവെച്ച സംഭവത്തിൽ വിഭാഗീയതയ്ക്ക് നേതൃത്വം നൽകിയവർക്കെതിരെ കടുത്ത നടപടികളിലേക്ക് സി.പി.എം, ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വങ്ങൾ. സംസ്ഥാനതലത്തിൽ തന്നെ കാര്യങ്ങൾക്ക് തീർപ്പുണ്ടാക്കാമെന്നും ജില്ലാ കമ്മിറ്റികൾ തത്കാലം ഇടപെടേണ്ടെന്നുമാണ് നിർദ്ദേശം.
21 അംഗങ്ങളുള്ള ബ്ലോക്ക് കമ്മിറ്റിയിൽ 19 പേരാണ് കഴിഞ്ഞ ദിവസം രാജി വച്ചത്. രാജിക്കത്ത് ഉൾപ്പെടെ മാദ്ധ്യമങ്ങൾക്ക് കൈമാറുകയും ചെയ്തു. സി.പി.എം എതിർക്കുന്ന ചില സംഘടനകൾ ഡി.വൈ.എഫ്.ഐ ബ്ളോക്ക് കമ്മറ്റിയെ ഹൈജാക്ക് ചെയ്തതാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ഡി.വൈ.എഫ്.ഐ ചമഞ്ഞ് നടക്കുന്ന പലരും മറ്റ് സംഘടനകളിലെ സജീവ പ്രവർത്തകരാണത്രേ. കേസുകളിൽ നിന്നും പൊലീസിൽ നിന്നുമുള്ള സംരക്ഷണത്തിനുവേണ്ടിയാണ് ഇത്തരം ഡി.വൈ.എഫ്.ഐ പ്രവർത്തനം. ഇത് സംബന്ധിച്ച് ധാരാളം പരാതികൾ ജില്ല, സംസ്ഥാന നേതൃത്വങ്ങൾക്ക് നേരത്തെ തന്നെ ലഭിച്ചിരുന്നു. കലാപം ഉയർത്തിയ പ്രവർത്തകരുടെ വ്യക്തി വിവരങ്ങൾ കൈമാറാനും നിർദ്ദേശിച്ചിട്ടുണ്ട്.
കേസുകളിൽ പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച കായംകുളം സി.ഐയ്ക്കെതിരെ പാർട്ടി നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി വെയ്ക്കുന്നതെന്ന് രാജിക്കത്തിൽ തന്നെ സൂചിപ്പിച്ചിട്ടുണ്ട് . യു. പ്രതിഭ എം.എൽ.എയും സി.പി.എം ജില്ലാ കമ്മിറ്റി അംഗവും കായംകുളം നഗരസഭ ചെയർമാനുമായ എൻ.ശിവദാസനും തമ്മിലുള്ള പോരും കൂടിയായപ്പോൾ വിഭാഗീയത മറനീക്കി പുറത്തുവരുകയായിരുന്നു.
ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്റും പത്തോളം കേസുകളിൽ പ്രതിയുമായ സാജിദിന്റെ വാടക വീട്ടിലേക്ക് കായംകുളം സി.ഐ ഗോപകുമാർ രാത്രിയിൽ തോക്കുമായെത്തി പരിശോധന നടത്തിയതാണ് നിലവിലെ സംഭവ വികാസങ്ങൾക്കു തുടക്കം. തുടർന്ന് കെട്ടിടം ഉടമ ഇയാളുടെ ഭാര്യയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. ഇത് സി.ഐയുടെ നിർദ്ദേശപ്രകാരം ആണന്നാണ് ആരോപണം. സി.ഐയെ പിന്തുണയ്ക്കുന്നത് എം.എൽ.എ ആണെന്നാണ് ഡി.വൈ.എഫ്.ഐ നേതാക്കളുടെ പരാതി.