ആലപ്പുഴ : ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ പൈപ്പുകളുടെ ജോയിന്റ് ഭാഗത്തെ അറ്റകുറ്റപ്പണി ഇന്ന് പൂർത്തിയാകും. കരുമാടി പാലത്തിന്റെ ഭാഗത്ത് ശുദ്ധജല വിതരണത്തിനായി ഉപയോഗിച്ച സ്റ്റീൽ പൈപ്പും എച്ച്.ഡി.സി പൈപ്പുകൾ കൂട്ടി യോജിപ്പിച്ച ഭാഗത്തെ ഇരുമ്പ് ബോൾട്ടുകൾ തുരുമ്പെടുത്തതിനെത്തുടർന്ന് കുടിവെള്ളം പാഴായിരുന്നു. ഇത് മാറ്റി പുതിയ ബോൾട്ടുകൾ ഘടിപ്പിക്കുന്നതിനാൽ ഇന്നലെയും ഇന്നും ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ വിതരണ മേഖലകളിൽ ശുദ്ധജല വിതരണം ഭാഗികമായി തടസപ്പെട്ടിരുന്നു. ഇന്നലെ രാവിലെ ആരംഭിച്ച അറ്റകുറ്റപ്പണി ഇന്ന് വൈകുന്നേരത്തോടെ പൂർത്തിയാകും. ആലപ്പുഴ നഗരസഭയിലെ 52വാർഡുകളിലും എട്ട് പഞ്ചായത്തുകളിലുമാണ് കുടിവെള്ള വിതരണം ഭാഗികമായി തടസപ്പെട്ടത്.