അമ്പലപ്പുഴ: കടൽക്ഷോഭത്തിൽ മത്സ്യബന്ധന വള്ളവും വലയും നശിച്ചതോടെ ബെന്നി ജോസഫിന്റെ (49) കുടുംബം നടുക്കടലിലായി. 4 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്ത് വാങ്ങിയ വള്ളം നശിക്കുകയും തൊഴിലും വായ്പ തിരിച്ചടവും മുടങ്ങുകയും ചെയ്തതോടെ ആറു ലക്ഷത്തോളം രൂപയുടെ ബാദ്ധ്യതക്കാരനായിരിക്കുകയാണ് ഈ മത്സ്യത്തൊഴിലാളി.
പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനാറാം വാർഡ് അറയ്ക്കൽ വീട്ടിൽ ബെന്നി ജോസഫ് ആകെയുള്ള 5 സെന്റും വീടും പുന്നപ്ര സഹകരണ ബാങ്കിൽ ഈടുവെച്ച് 2015ലാണ് 4 ലക്ഷം രൂപ വായ്പയെടുത്തത്. മാസത്തവണ കൃത്യമായി അടച്ചുകൊണ്ടിരുന്നു. പക്ഷേ, ദുർവിധി കടൽക്ഷോഭത്തിന്റെ രൂപത്തിലെത്താൻ അധികം വൈകിയില്ല. 2016 ആഗസ്റ്റ് 2 ന് ഉണ്ടായ കടൽക്ഷോഭത്തിൽ വള്ളവും വലയും തകർന്നു. പ്രദേശത്തെ 9 വള്ളങ്ങളാണ് അന്ന് നശിച്ചത്. നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ പറഞ്ഞെങ്കിലും ഒരു രൂപപോലും കിട്ടിയിട്ടില്ല. സമ്മർദ്ദങ്ങൾ താങ്ങാനാവാതെ ഇതിനിടെ ബെന്നിക്ക് ഹൃദയസ്തംഭനമുണ്ടായി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സ സാമ്പത്തിക പ്രതിസന്ധി മൂലം മുടങ്ങി. ഇതോടെ രണ്ടു മക്കളടങ്ങുന്ന കുടുംബം പോറ്റാൻ ഭാര്യ മാർഗരറ്റ് ബംഗളുരുവിൽ വീട്ടുജോലിക്കായി പോയി.
അധികം വൈകാതെ ബെന്നിയെ തേടി ജപ്തി നോട്ടീസ് എത്തി. ആകെ അടയ്ക്കേണ്ട തുക 5.98 ലക്ഷം. കഴിഞ്ഞ മാർച്ച് 10ന് നടന്ന സഹകരണ ബാങ്ക് അദാലത്തിൽ 44,000 രൂപ ഇളവു ചെയ്യാമെന്ന് ബാങ്ക് സമ്മതിച്ചു. മാർച്ച് 20ന് മാർഗരറ്റ് ബംഗളുരുവിൽ നിന്നു നാട്ടിലെത്തി. കൊവിഡ് മാനദണ്ഡങ്ങൾ കാരണം 14 ദിവസം വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം സഹോദരിമാരുടെയും ബന്ധുക്കളുടെയും സഹായത്താൽ പണം അടയ്ക്കാൻ ബാങ്കിൽ ചെന്നപ്പോൾ മാർച്ച് 31 വരെയേ ഇളവുണ്ടായിരുന്നുള്ളു എന്നായി ബാങ്ക് അധികൃതർ. അതുകൊണ്ട് മുഴുവൻ തുകയും അടയ്ക്കണമത്രെ. വായ്പ ഇടപാട് പൂർത്തിയായാൽ വസ്തുവിന്റെ ആധാരവും വീടും വീണ്ടും പണയപ്പെടുത്തി പുതിയ ബാദ്ധ്യത ഒഴിവാക്കാമെന്നായിരുന്നു പ്രതീക്ഷ.
പ്ലസ് ടുവിനും പ്ലസ് വണ്ണിനും പഠിക്കുന്ന രണ്ടു കുട്ടികളടങ്ങുന്ന കുടുംബം ദൈനംദിന ചിലവിനു പോലും പണം കണ്ടെത്താനാകാതെ ആത്മഹത്യയുടെ വക്കിലാണ്. ദിവസേന ബെന്നിയുടെ മരുന്നിനു തന്നെ 100 രൂപയോളം വേണം. എങ്ങനെ ഈ പ്രതിസന്ധി മറികടക്കണമെന്ന് ദമ്പതികൾക്ക് യാതൊരു ആശയവുമില്ല, നിറയെ ആശങ്ക മാത്രം.