എടത്വ: ഉപയോഗശൂന്യമെന്ന് ഉറപ്പിച്ച് വലിച്ചെറിയുന്നതെന്തും ഉപയോഗപ്രദമാക്കുന്ന തിരക്കിലാണ് തലവടി നടുവിലെമുറിയിൽ കലവറശ്ശേരിൽ അജികുമാറിന്റെയും ജൂനായുടെയും ഏകമകളായ അശ്വതി അജികുമാർ.
മുട്ടത്തോട്, കുപ്പി, ചിരട്ട എന്നിവ അശ്വതിയുടെ കരകൗശലത്തിലൂടെ വീട്ടിലെ അലങ്കാര വസ്തുക്കളായി മാറിക്കഴിഞ്ഞു. ചിത്രരചനയിലും കഴിവ് തെളിയിച്ച അശ്വതി നിരവധി ചിത്രങ്ങൾ ഇതിനോടകം വരച്ചിട്ടുണ്ട്. ഗിറ്റാർ, പാവകൾ, കിളിക്കൂട്, നൈറ്റ് ലാംബ്, ഫ്‌ളവർ ബേസ് തുടങ്ങിയ നിരവധി സാധനങ്ങൾ ഈ ലോക്ക്ഡൗൺ കാലത്ത് അശ്വതി നിർമ്മിച്ചുകഴിഞ്ഞു. ലോക്ക് ഡൗണിന് ശേഷം എക്‌സിബിഷൻ നടത്തി ലഭിക്കുന്ന തുക പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് അശ്വതിയുടെ തീരുമാനം. എക്‌സിബിഷനുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാമെന്ന് തലവടി പനയന്നൂർകാവ് ദേവീക്ഷേത്രം മുഖ്യ കാര്യദർശി ആനന്ദൻ നമ്പൂതിരി ഉറപ്പു നൽകിയിട്ടുണ്ട്. ക്ഷേത്രം മാനേജർ കൂടിയാണ് അശ്വതിയുടെ പിതാവ് അജികുമാർ. മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയായ അശ്വതിക്ക് ഇംഗ്ലീഷ് അദ്ധ്യാപിക ആകാനാണ് താത്പര്യം.