 നിരത്തുകളിലും മാർക്കറ്റുകളിലും ഇന്നലെ തിരക്കിന്റെ ദിനം

ആലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങൾക്ക് 43 ദിവസത്തിനു ശേഷം ഇന്നലെ അല്പം അയവുവന്നതോടെ ജനങ്ങളുടെ 'നിയന്ത്രണം' വിട്ടു. നഗരമേഖലകളിലും ഉൾപ്രദേശങ്ങളിലുമുള്ള റോഡുകളിലും മാർക്കറ്രുകളിലും വല്ലാത്ത തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. നാലുചക്ര വാഹനങ്ങളിലും ഇരുചക്ര വാഹനങ്ങളിലും ഒന്നിലധികം യാത്രക്കാർ ആവാമെന്ന ഇളവ് മുതലെടുത്ത് സ്വകാര്യ വാഹനങ്ങൾ മിക്കതും നിരത്തിലിറങ്ങി.

കുറെ നാളുകളായി ഏറെക്കുറെ വിജനമായിരുന്ന ദേശീയപാതയിൽ ഇന്നലെ വാഹനങ്ങൾ നിറഞ്ഞു. ജില്ലാ അതിർത്തിക്ക് പുറത്തുനിന്നുള്ള വാഹനങ്ങളുടെ വരവിൽ വലിയ ഒഴുക്കുണ്ടായില്ലെങ്കിലും ജില്ലയ്ക്കുള്ളിൽ ചരക്ക് വാഹനങ്ങളടക്കം റോഡിലിറങ്ങി, പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങൾ. ജില്ലാ അതിർത്തികളിൽ പൊലീസ് പരിശോധന കർക്കശമായിരുന്നെങ്കിലും മറ്റു ഭാഗങ്ങളിൽ അല്പം ഇളവ് കാട്ടി.മത്സ്യ വില്പനയും പഴം പച്ചക്കറി വിപണിയും പഴയപോലെ സജീവമായി.ആലപ്പുഴ, കായംകുളം, ചേർത്തല ഭാഗങ്ങളിൽ ഫുട്പാത്തുകളിലെ കച്ചവടത്തിനും വീണ്ടും ജീവൻവച്ചു. മാർക്കറ്രുകളിൽ വാഹന പാർക്കിംഗിന് വല്ലാത്ത തിരക്കായിരുന്നു.

 മറന്നുപോയി അകലം

മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും മാത്രമേ പുറത്തിറങ്ങാവൂ എന്ന മുന്നറിയിപ്പെല്ലാം ഇന്നലെ പലരും മറന്നു. മാസ്ക് ധരിക്കുന്നതിൽ പലരും ശ്രദ്ധകാട്ടിയെങ്കിലും സാമൂഹിക അകലക്രമം മാർക്കറ്റുകളിൽ ഇല്ലാതായി. പാഴ്സൽ സർവീസ് നടത്തുന്ന ഹോട്ടലുകൾ മാത്രമാണ് തുറന്നത്. എന്നാൽ ബേക്കറികളും സ്റ്റേഷനറികളും ചെറുകിട തുണിക്കടകളും തുറന്നതോടെ മിക്ക മാർക്കറ്റുകളിലും സ്ത്രീസാന്നിദ്ധ്യവും പതിവിൽ കൂടുതലായി. ബാങ്കുകളുടെയും പോസ്റ്റ് ഓഫീസുകളുടെയും മുന്നിലും വലിയ തിരക്കാണ് കാണപ്പെട്ടത്. പെട്രോൾ പമ്പുകളിലെ തിരക്കും പൊടുന്നനെ വർദ്ധിച്ചു. വൈകുന്നേരമായപ്പോഴേക്കും തിരക്ക് വല്ലാതെ വർദ്ധിച്ചതോടെ പ്രധാന കേന്ദ്രങ്ങളിൽ നിയന്ത്രണവുമായി പൊലീസ് രംഗത്തെത്തി.ജില്ലാ സിവിൽ സ്റ്റേഷനിൽ ഹാജർനില ഇന്നലെ കൂടിയിരുന്നു. സ്വർണ്ണക്കടകൾ തുറക്കുന്ന കാര്യത്തിൽ രാവിലെ ചെറിയ ആശയക്കുഴപ്പം ഉണ്ടായെങ്കിലും ഉച്ചയോടെ ജില്ലാ ഭരണകൂടം തീരുമാനം വ്യക്തമാക്കി.ചെറുകിട സ്വർണ്ണക്കടകൾ മിക്കതും തുറന്നു.