ആലപ്പുഴ: ഗ്രീൻ സോൺ ഇളവിൽ കടകമ്പോളങ്ങൾ തുറന്നെങ്കിലും ആദ്യ പകൽ ആശയക്കുഴപ്പങ്ങളുടേതായിരുന്നു.

ഒറ്റ നിലയിൽ പ്രവർത്തിക്കുന്ന തുണിക്കടകൾ, സ്വർണക്കടകൾ, സ്വർണപ്പണിശാലകൾ, ചെരുപ്പ് കടകൾ എന്നിവയാണ് ഇന്നലെ പ്രവർത്തനം പുനരാരംഭിച്ചത്. പാഴ്സൽ സംവിധാനത്തിനായി ഏതാനും ഭക്ഷണശാലകളും തുറന്നു. കളക്ടർ പുറപ്പെടുവിച്ച മാനദണ്ഡങ്ങളിൽ സ്വർണക്കടകളുടെ പേര് പ്രത്യേകം പരാമർശിക്കാതിരുന്നതാണ് ആശയക്കുഴപ്പം സ‌ൃഷ്ടിച്ചത്. മുല്ലയ്ക്കലിൽ പ്രവർത്തിച്ചിരുന്ന സ്വർണാഭരണശാലകൾ ഉച്ചയോടെ നോർത്ത് പൊലീസ് എത്തി അടപ്പിച്ചു. ഇതിൽ പ്രതിഷേധിച്ച് ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ കളക്ടർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പരമാവധി നാല് സ്റ്റാഫിനെ ഉപയോഗിച്ച് സ്വർണക്കടകൾ പ്രവർത്തിക്കാം എന്ന നിർദേശം ലഭിച്ചു. മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിച്ച കടകൾ അടപ്പിച്ച നോർത്ത് എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് അസോസിയേഷൻ ഭാരവാഹികൾ എസ്.പിക്ക് പരാതി നൽകി. കളക്ടറുടെ നിർദേശം ലഭിച്ചതോടെ സ്ഥാപനങ്ങൾ വീണ്ടും തുറന്ന് പ്രവർത്തിച്ചു.

വസ്ത്രശാലകളിൽ രാവിലെ മുതൽ തിരക്കായിരുന്നു. പൊതുഗതാഗത സംവിധാനം ആരംഭിച്ചാൽ മാത്രമേ കച്ചവടത്തിൽ ഉണർവുണ്ടാകൂ എന്ന് വ്യാപാരികൾ പറയുന്നു. വലിയ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുമതിയായില്ലെങ്കിലും ജീവനക്കാരെത്തി കടകൾ വ‌ൃത്തിയാക്കി അറ്റകുറ്റപ്പണികൾ തീർപ്പാക്കുന്നുണ്ട്. പുസ്തകശാലകളിലും ചെരുപ്പുകടകളിലും പേരിനു മാത്രമായിരുന്നു കച്ചവടം. ഓൺലൈൻ ഭക്ഷണ വ്യാപാരം വർദ്ധിച്ചിട്ടുണ്ട്. കൂടുതൽ കടകൾ തുറന്നതോടെ വീട്ടിലിരുന്ന് ഇഷ്ടവിഭവങ്ങൾ ഓർഡർ ചെയ്യുകയാണ് പലരും.