ആലപ്പുഴ: കൊമേഴ്സ്യൽ കനാലിന്റെ നവീകരണത്തിനിടെ ഇരുവശവുമുള്ള പൊതുമരാമത്ത് വകുപ്പിന്റെ റോഡ് ഇടിഞ്ഞതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കാൻ മന്ത്റി ഡോ.ടി.എം.തോമസ് ഐസക്കിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേ​റ്റിൽ ചേർന്ന യോഗത്തിൽ തീരുമാനം. തകർന്ന റോഡ് പുനർനിർമ്മിക്കാൻ പദ്ധതി തയ്യാറാക്കി ചീഫ് ടെക്നിക്കൽ എക്സാമിനർക്ക് നൽകാനും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം പുനർ നിർമാണം പൂർത്തിയാക്കാനും നിർദ്ദേശം നൽകി. ഇതിന് പ്രത്യേകമായി തുക അനുവദിക്കുമെന്നും മന്ത്റി പറഞ്ഞു.

നഗരത്തിലെ കനാലുകളുടെ ചെളിവൃത്തിയാക്കൽ തടസമില്ലാതെ തുടരണം. തുടർന്ന് ഇത്തരത്തിൽ സംഭവിക്കാതിരിക്കാൻ പ്രത്യേക പ്രോട്ടോക്കോൾ തയ്യാറാക്കി നൽകാൻ ചീഫ് ടെക്നിക്കൽ എക്സാമിനർക്ക് നിർദ്ദേശം നൽകി. ചീഫ് ടെക്നിക്കൽ എക്സാമിനർ പൊതുമരാമത്ത് വകുപ്പും ഇറിഗേഷൻ വകുപ്പുമായി സംസാരിച്ച് ഇക്കാര്യത്തിൽ തീരുമാനം എടുക്കും. കനാൽ നവീകരണത്തിന് പാലിക്കേണ്ട നിബന്ധനകൾ സംബന്ധിച്ചും പ്രോട്ടോക്കോൾ ഉണ്ടാകും.

ജില്ല കളക്ടർ എം.അഞ്ജന, ചീഫ് ടെക്നിക്കൽ എക്സാമിനർ എസ്.ഹരികുമാർ, ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ അരുൺ കെ.ജേക്കബ്, പൊതുമരാമത്ത് ചീഫ് എൻജിനിയർ അജിത്ത് രാമചന്ദ്രൻ, റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ വി.ബിനു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. മാർക്കറ്റിന്റെ മുൻവശം, പഗോഡ റിസോർട്ടിന്റെ മുൻവശം എന്നിവിടങ്ങളിലാണ് റോഡ് തകർന്നിട്ടുള്ളത്.