ആലപ്പുഴ:ജീവനക്കാരായ ദമ്പതിമാർ ചെറിയപെരുന്നാളിനോടനുബന്ധിച്ച് വിതരണം ചെയ്യാൻ കരുതിവച്ച സക്കാത്ത് തുകയായ 12,500 രൂപ മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മണ്ണഞ്ചേരി പഞ്ചായത്തിൽ നസീം മൻസിലിൽ എം.മുഹമ്മദ് നാസർ, ഭാര്യ ടി.എഫ്.ഫാത്തിമ എന്നിവരാണ് കളക്ടറേ​റ്റിലെത്തി അഡിഷണൽ ജില്ല മജിസ്ട്രേ​റ്റ് വി.ഹരികുമാറിന് തുക കൈമാറിയത്.

എം.ജി.സർവകലാശാല വൈസ് ചാൻസിലറുടെ പേഴ്സണൽ സ്​റ്റാഫിൽപ്പെട്ട സെക്ഷൻ ഓഫീസറാണ് മുഹമ്മദ് നാസർ. ഭാര്യ വടകര ആർ.ടി.ഒ ഓഫീസ് ജൂനിയർ സൂപ്രണ്ടാണ്. കൂടാതെ ഇവർ മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളവും നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എല്ലാ വർഷവും തങ്ങളുടെ സക്കാത്ത് തുക അരിയായും പണമായും പാർവപ്പെട്ട കുടുംബങ്ങൾക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു പതിവ്. എന്നാൽ ഇത്തവണ സർക്കാർ അരിയും ധാന്യങ്ങളും നേരത്തെ തന്നെ റേഷൻ കടകൾ വഴി നൽകിയതും സഹായ പെൻഷൻ നേരത്തെ വിതരണം ചെയ്തതും കണക്കിലെടുത്താണ് സക്കാത്ത് തുക മുഖ്യമന്ത്റിയുടെ സഹായ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചതെന്ന് മുഹമ്മദ് നാസർ വ്യക്തമാക്കി.