ആലപ്പുഴ: ഓമനപ്പുഴയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം ശക്തമായ തിരയിൽപ്പെട്ട് തകർന്ന് ഒന്നരലക്ഷം രൂപയുടെ നഷ്ടം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 16-ാം വാർഡ് കളപ്പുരയ്ക്കൽ ക്ലീറ്റസിന്റെ (ബാബു) ഉടമസ്ഥതയിലുള്ള നിറവിളക്ക് എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ഒൻപത് മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. കടലിൽ നിന്നും കരയിൽ നിന്നുമെത്തിയ മത്സ്യത്തൊഴിലാളികൾ ചേർന്ന് എല്ലാവരെയും രക്ഷിച്ചു. എഞ്ചിനും വലയും നശിച്ചു. വള്ളത്തിനും കേടുപാടുകളുണ്ട്. മത്സ്യഫെഡിൽ നിന്ന് വായ്പയെടുത്ത് വാങ്ങിയ വള്ളമാണ് തകർന്നത്.