ഹരിപ്പാട്: നിയോജകമണ്ഡലത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുന്നോട്ടുവന്ന എല്ലാവരെയും അഭിനന്ദിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും വളരെ മാതൃകാപരമായ പ്രവർത്തനമാണ് നടത്തിയത്. ഹരിപ്പാട്, മുതുകുളം ബ്ലോക്ക് പഞ്ചായത്തുകളും ഫലപ്രദമായ പ്രവർത്തനത്തിന് നേതൃത്വം നൽകി. എം.എൽ.എ ഓഫീസീൽ ആരംഭിച്ച കൺട്രോൾ റൂമിൽ വന്ന എല്ലാ പരാതികൾക്കും സമയബന്ധിതമായിത്തന്നെ പരിഹാരം കാണാനുള്ള നടപടികളാണ് സ്വീകരിച്ചത്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സർവ്വോദയ പൊയിൻ ആൻഡ് പാലീയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലും സിബി.സി വാര്യർ ഫൗണ്ടേഷന്റെ നേതൃത്വത്തിലും ലോക്ക്ഡൗണിന്റെ ആദ്യ ഘട്ടത്തിൽത്തന്നെ എല്ലാവർക്കും ഭക്ഷണം എത്തിക്കാനുള്ള നടപടി നല്ല നിലയിലാണ് നടന്നത്. എം.എൽ.എ ഓഫീസിൽ ബന്ധപ്പെട്ട കിടപ്പു രോഗികൾ, കാൻസർ രോഗികൾ, ഡയാലിസിസിന് വിധേയരായവർ എന്നിവർക്കെല്ലാം മരുന്ന് എത്തിച്ചു നൽകാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.
ഒരു ലക്ഷം മാസ്‌കുകളാണ് ഹരിപ്പാട്ട് വിതരണം ചെയ്യുന്നത്. പൊതു സ്ഥാപനങ്ങൾക്കെല്ലാം സാനിറ്റൈസർ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കിടത്തി ചികിത്സയുള്ള ഹരിപ്പാട് താലൂക്ക് ആശുപത്രിക്ക് 30 ലക്ഷവും തൃക്കുന്നപ്പുഴ സി.എച്ച്.സിക്ക് 20 ലക്ഷവും എം.എൽ.എ ഫണ്ടിൽ നിന്നു അനുവദിച്ചു. ചെറുതന, വീയപുരം, പള്ളിപ്പാട് പ്രദേശങ്ങളിൽ നെല്ലെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ പരിഹാരം കാണാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും മഴക്കാല പ്രതിരോധ നടപടികൾ ഉടൻ ആരംഭിക്കും.
വർഷങ്ങളായി തകർന്നു കിടക്കുന്ന പ്രതിമുഖം- ചൂരല്ലാക്കല്ല് റോഡ് നിർമ്മാണത്തിനായി 3 കോടി രൂപ അനുവദിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പി.എം.ആർ.സി.വൈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും കരാറുകാരൻ പണി മുടക്കിയതുകൊണ്ട് പദ്ധതി നടന്നില്ല. വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.