ആലപ്പുഴ: നഗരത്തിലെ വഴിച്ചേരി, കല്ലുപാലം മാർക്കറ്റുകളിൽ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ട്രാഫിക് അഡ്വൈസറി കമ്മിറ്റി തീരുമാനിച്ചു. രാത്രി 9 മുതൽ രാവിലെ 6 വരെ മാത്രമേ ചരക്ക് ഇറക്കാനായി ലോറികളെ മാർക്കറ്റിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.
രണ്ടിടത്തും രാവിലെ എത്തുന്ന ലോറികളിൽ നിന്ന് ചരക്കിറക്കി മടങ്ങുന്നത് ഉച്ചയോടെയായിരുന്നു. ചെറുകിട വ്യാപാരികൾ വാഹനങ്ങളിൽ സാധനങ്ങൾ വാങ്ങാനും വീട്ടാവശ്യത്തിന് സാധനങ്ങൾ വാങ്ങാൻ ജനങ്ങൾ എത്തുന്നതും ഇതേ സമയത്താണ്. ഇക്കാരണത്താൽ സാമൂഹിക അകലം പാലിക്കാനോ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനോ സാധിക്കുന്നില്ല. ഇതോടെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായത്.
മാർക്കറ്റിലെ വ്യാപാരസ്ഥാപനങ്ങൾ റോഡ് സൈഡിലേക്ക് സാധനങ്ങൾ ഇറക്കിവയ്ക്കാൻ പാടില്ല. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നിരന്തര പരിശോധന ഉറപ്പാക്കും. ജില്ല ഗ്രീൻ സോണിലേക്കെത്താൻ പ്രയത്‌നിച്ച നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരെയും ശുചീകരണ തൊഴിലാളികളെയും യോഗം അഭിനന്ദിച്ചു. നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സ സി.ജ്യോതിമോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബഷീർ കോയാപറമ്പിൽ, അഡ്വ. എ.എ.റസാഖ്, അഡ്വ. ജി.മനോജ്കുമാർ, ബിന്ദുതോമസ്, കൗൺസിലർമാരായ തോമസ്‌ജോസഫ്, ഡി.ലക്ഷ്മണൻ, കെ.ജെ.പ്രവീൺ, എ.എം.നൗഫൽ, നബീസ അക്ബർ, ഡിവൈ.എസ്.പി എൻ.ആർ. ജയരാജ്, സി.ഐ എം.കെ.രാജേഷ്, എം.വി.ഐ പത്മകുമാർ, പി.ഡബ്യു.ഡി എൻജിനീയർ മോളമ്മ തോമസ്, വ്യാപാരി വ്യവസായി പ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥമാർ, നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു
# നിയന്ത്രണങ്ങൾ
ലോറികൾ ടോക്കൺ അടിസ്ഥാനത്തിൽ മാർക്കറ്റുകളിലേക്ക് കടത്തിവിടും
രാവിലെ ആറു മുതൽ ഏഴു വരെ മാർക്കറ്റിൽ അണുനശീകരണം
ഏഴു മുതൽ രാവിലെ 10 വരെ ചെറുകിട കച്ചവടക്കാരുടെ വാഹനങ്ങൾ പ്രവേശിപ്പിക്കും
10 മുതൽ രാത്രി 7.30 വരെ പൊതുജനങ്ങൾക്ക് പ്രവേശിക്കാം
പൊതുജനങ്ങൾക്ക് വാഹനം പാർക്ക് ചെയ്യാൻ പ്രത്യേക സ്ഥലം
അന്യസംസ്ഥാന ചരക്ക് വാഹനങ്ങളിലെ ജീവനക്കാർക്ക് തെർമൽ പരിശോധന