ഹരിപ്പാട്: ജീവിത സ്വപ്നമായിരുന്ന വീട് പൂർത്തിയാക്കി ഒരു ദിവസമെങ്കിലും അന്തിയുറങ്ങണമെന്ന ആഗ്രഹം അന്തിമഘട്ടത്തിലെത്തി നിൽക്കെ, വിധിയുടെ ക്രൂരതയിൽ അകപ്പെട്ട ജേക്കബ് നാടിന്റെ നൊമ്പരമായി.
അബുദാബിയിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ഹരിപ്പാട് പള്ളിപ്പാട് പുല്ലമ്പട പനയാറയിൽ ജേക്കബ് (ഷാജി) കൊവിഡ് ബാധിച്ച് മരിച്ചെന്ന വാർത്ത ഞെട്ടലോടെയാണ് നാടറിഞ്ഞത്. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന വീടിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരണത്തിന്റെ വക്കിലെത്തി നിൽക്കവേയാണ് ജേക്കബിന്റെ വിയോഗം. ആറ് വർഷമായി പ്രവാസിയാണ്. ആറ് മാസം മുമ്പ് ലീവിന് നാട്ടിൽ എത്തിയത് വീടിന്റെ നിർമ്മാണം പൂർത്തിയാക്കി താമസം ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാൽ സാമ്പത്തിക പ്രയാസങ്ങൾ കാരണം നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടുപോയി. അതോടെ ഒന്നരമാസത്തെ ലീവ് കഴിഞ്ഞ് മടങ്ങുകയായിരുന്നു. നാട്ടിലേക്കുള്ള ഫോൺ വിളികളിലെല്ലാം വീടിന്റെ നിർമ്മാണ പുരോഗതി അറിയാനായിരുന്നു താല്പര്യം. ഇലക്ട്രിക് ജോലികൾ കൂടിയാണ് പൂർത്തിയാക്കാനുള്ളത്. ലോക്ക്ഡൗൺ കഴിഞ്ഞ് നാട്ടിലെത്തി എങ്ങനെയെങ്കിലും നിർമ്മാണം പൂർത്തിയാക്കണമെന്നും ജേക്കബ് പറയുമായിരുന്നു. ആ സ്വപ്ന ഭവനത്തിലേക്ക് ജേക്കബിന്റെ ചേതനയറ്റ ശരീരം പോലും എത്തിക്കാൻ കഴിയില്ലെന്നുള്ളത് ബന്ധുക്കളെ ഒട്ടാകെ ദുഖ:ത്തിലാഴ്ത്തി. കൊവിഡ് നിയന്ത്രണങ്ങൾ കാരണം മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയില്ലെന്നാണ് വിവരം.
ജേക്കബിന്റെ ഭാര്യയും നാലാം ക്ളാസിലും രണ്ടാം ക്ളാസിലും പഠിക്കുന്ന ആൺമക്കളും പ്രായമായ പിതാവും ഇപ്പോൾ സഹോദരന്റെ വീട്ടിലാണ് താമസിക്കുന്നത്. മകന്റെ മരണവിവരം രോഗശയ്യയിൽ കഴിയുന്ന പിതാവ് കൊച്ചുണ്ണുണ്ണിയെ അറിയിച്ചിട്ടില്ല.