മാവേലിക്കര: കോവിഡ് കാലത്ത് ഉപഭോക്താക്കൾക്കായി സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കി കെ.എസ്.ഇ.ബി മാവേലിക്കര സെക്ഷൻ കറണ്ട് ചാർജ്ജ് സ്വീകരിക്കുന്നത് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. മാവേലിക്കര സെക്ഷനിലേക്ക് എത്തുന്ന ഉപഭോക്താക്കൾക്ക് വ്യക്തിശുചിത്വം ഉറപ്പാക്കുന്നതിനുള്ള സംവിധാനം, സമൂഹിക അകലം പാലിക്കുവാനുള്ള ചുറ്റുപാട്, ഓൺലൈൻ സേവന പരിചയത്തിനായുള്ള ക്രമീകരണങ്ങൾ എന്നിവയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഡിസ്പോസിബിൾ ഗ്ലാസ് ഉപയോഗിച്ച് കുടിവെള്ള വിതണവും നടത്തുന്നുണ്ട്.
സെക്ഷനിലേക്ക് എത്തുന്ന ഉപഭോക്താക്കൾ കൈ കഴുകിവേണം ഓഫീസിനുള്ളിലേക്ക് കടക്കുവാൻ. സാമൂഹിക അകലം പാലിച്ച് കസേരകൾ ക്രമീകരിച്ചിരിട്ടുണ്ട്. ഒരുസമയം അഞ്ച് പേർക്ക് മാത്രമെ ക്യാഷ് കൗണ്ടറിന്റെ ഭാഗത്തേക്ക് പ്രവേശനമുള്ളു. ഇവിടെ മറ്റൊരു ഉദ്യോഗസ്ഥർ ഉപഭോക്താക്കളെ സ്വീകരിക്കും. ബിൽ അടയ്ക്കുവാനുള്ള ക്യൂവിലേക്ക് കയറുവാനായി ഊഴം കാത്തിരിക്കുന്നവർക്കായി ഓൺ ലൈൻ സേവനങ്ങൾ പരിചയപ്പെടുത്തുന്ന ടി.വി സ്ക്രീനും ഓൺലൈൻ ഹെൽപ്പ് ഡെസ്ക്കും ക്രമീകരിച്ചിട്ടുണ്ട്. പുതുതായി ഓൺലൈൻ വഴി പണം അടയ്ക്കുന്നവർക്ക് 5 ശതമാനം ചാർജ്ജിൽ ഇളവ് നൽകുന്നുണ്ടെന്നും അത് ഉപഭോക്താക്കൾ പ്രയോജനപ്പെടുത്തണമെന്നും അസിസ്റ്റന്റ് എൻജിനീയർ എസ്.സുനിൽകുമാർ അറിയിച്ചു.