കായംകുളം: ഡി.വൈ.എഫ്.ഐ കായംകുളം ബ്ളോക്ക് കമ്മിറ്റിയിലെ 19 പേർ കൂട്ടത്തോടെ രാജിവച്ചെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് സി.പി.എം കായംകുളം ഏരിയ കമ്മിറ്റിയുടെ വിശദീകരണം. വിഷയങ്ങൾക്ക് കാരണക്കാരനെന്ന് ഡി.വൈ.എഫ്.ഐ ആരോപിക്കുന്ന കായംകുളം സി.ഐക്കെതിരെ രൂക്ഷമായ വിമർശനങ്ങളും വിശദീകരണക്കുറിപ്പിൽ ഉന്നയിച്ചിട്ടുണ്ട്.
ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ പുറത്തിറക്കിയ വിശദീകരണത്തിൽ നിന്ന്: കായംകുളം സി.ഐ പക്ഷപാതപരമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. ഡി.വൈ.എഫ്.ഐ നേതാവ് താമസിക്കുന്ന വാടക വീട്ടിൽ ഭാര്യയും കുഞ്ഞും മാത്രമുള്ള സമയത്ത് കടന്നുചെല്ലുകയും കതകുകൾ ചവിട്ടിപ്പൊളിക്കുകയും അധിഷേപിക്കുകയും ചെയ്യുന്നത് പതിവായിരിക്കുന്നു. കഴിഞ്ഞ ആഴ്ച അർദ്ധരാത്രിയിൽ വീട്ടിലെത്തി യുവതിയെ തോക്കുചൂണ്ടി ഭീഷിണിപ്പെടുത്തുകയും കയ്യിലിരുന്ന മൊബൈൽ ഫോൺ പിടിച്ചുവാങ്ങി കൈയേറ്റം ചെയ്യുകയും ചെയ്തു. വനിതാ പൊലീസ് ഇല്ലാതെയാണ് പൊലീസ് സംഘമെത്തിയത്. യുവതി പരാതി നൽകിയതിന്റെ പ്രതികാരമെന്നോണം ഇവരെയും കുഞ്ഞിനെയും ഇറക്കിവിടണമെന്ന് കെട്ടിട ഉടമയ്ക്ക് സി.ഐ നോട്ടീസ് കൊടുത്തു. തുടർന്ന് ഇവർ വീടുവിടേണ്ടിവന്നു. യുവതി ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചു. രാഷ്ട്രീയ പ്രതികാരം തീർക്കാൻ എതിരാളികൾ കൊടുത്ത കേസിൽ സാജിദീനെ തെരഞ്ഞുപിടിച്ച് നിരന്തരം പീഡിപ്പിക്കുകയാണ്.
കായംകുളം നഗരസഭ ചെയർമാൻ ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പിഴ ഈടാക്കി. എന്നാൽ ചെയർമാനെ തടയുന്നതടക്കമുള്ള ദൃശ്യങ്ങൾ പൊലീസ് വീഡിയോയിൽ പകർത്തി ദൃശ്യമാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും നൽകിയത് ബോധപൂർവ്വം അധിക്ഷേപിക്കാനാണ്. കായംകുളം താലൂക്ക് ആശുപത്രിയോട് ചേർന്ന് കുടിവെള്ള പൈപ്പ് നന്നാക്കിക്കൊണ്ടിരുന്ന വാട്ടർ അതോറിട്ടി എൻജിനീയറുടെ ജോലി തടസപ്പെടുത്തി, ജോലി കഴിഞ്ഞ് വന്ന ഒരു നഴ്‌സിനെ കാർ തടഞ്ഞ് അസഭ്യങ്ങൾ പറഞ്ഞു, മകനെ മർദ്ദിച്ചു, പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ സ്ത്രീയെ അവഹേളിച്ചു തുടങ്ങിയ ആക്ഷേപങ്ങളും സി.ഐക്കെതിരെ ഉണ്ട്. കായംകുളത്തെ പാർട്ടിയിൽ വിഭാഗീയത ഉണ്ടെന്ന വാർത്ത തികച്ചും അടിസ്ഥാന രഹിതമാണെന്നും പ്രസ്താവനയിൽ പറയുന്നു.