ആലപ്പുഴ: മത്സ്യബന്ധന മേഖലയിൽ ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റിയെ നിയോഗിച്ചതിൽ പ്രതിഷേധിച്ച് 7ന് ധീവരസഭയുടെ നേതൃത്വത്തിൽ സംസ്ഥാന, ജില്ല, താലൂക്ക് നേതാക്കൾ ഫിഷിംഗ് ഹാർബറിന്റെയും ലാൻഡിംഗ് സെന്ററിന്റെയും മുന്നിൽ ധർണ നടത്തും. മത്സ്യമേഖലയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, മത്സ്യത്തൊഴിലാളികൾക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കും നൽകുക,സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മത്സ്യക്കൃഷി പദ്ധതി ഉപേക്ഷിക്കുക, ഉൾനാടൻ ജലാശയങ്ങളിൽ എല്ലാ മത്സ്യത്തൊഴിലാളികൾക്കും മത്സ്യബന്ധനം നടത്താനുള്ള അവകാശം നൽകുക, മത്സ്യ മാർക്കറ്റുകളിലെ അശാസ്ത്രീയ നിയന്ത്രണങ്ങൾ ഒഴിവാക്കി മത്സ്യവിപണനം നടത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ലോക്ക്ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട് 5ൽ താഴെ വരുന്ന നേതാക്കളാണ് സമരം നടത്തുന്നതെന്ന് ജനറൽ സെക്രട്ടറി വി.ദിനകരൻ അറിയിച്ചു.