ആലപ്പുഴ: ഹോമിയോ മരുന്നുകൾ കയറ്റി അയയ്ക്കാൻ പര്യാപ്തമാകുംവിധം പാതിരപ്പള്ളിയിലെ പൊതുമേഖലാ സ്ഥാപനമായ ഹോംകോ ഉത്പാദനം ഇരട്ടിയാക്കുന്നു. ആലപ്പുഴ വലിയ കലവൂരിൽ ദേശീയപാതയോരത്ത് രണ്ട് ഏക്കർ സ്ഥലത്ത് 52.8കോടി രൂപ ചെലവിൽ ഒരു ലക്ഷം സ്ക്വയർ ഫീറ്രിലുള്ള നാലുനില കെട്ടിടം ഇതിനായി നിർമ്മിച്ചു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിച്ചുള്ള നിർമ്മാണ യൂണിറ്റായ ഹൈഡ്രോക്സ് ഡിവിഷൻ ഈ വർഷം അവസാനത്തോടെ കമ്മിഷൻ ചെയ്യും. ആധുനിക യന്ത്രങ്ങൾ ഘടിപ്പിക്കുന്നതിനുള്ള ടെൻഡറായി.

സംസ്ഥാനത്തിനകത്തും പുറത്തും ചില വിദേശ രാജ്യങ്ങളിൽ നിന്നും ഓർഡർ ലഭിക്കുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള ഉത്പാദന ശേഷി ഹോംകോയ്ക്ക് ഇപ്പോഴില്ല. പുതിയ പ്ളാന്റ് വരുന്നതോടെ ഇതിനു പരിഹാരമാകും. ഹോമിയോ മരുന്ന് നിർമ്മിക്കുന്ന രാജ്യത്തെ വലിയ പൊതുമേഖലാ സ്ഥാപനമായി ഇത് മാറും. ബഹ്റിനിലേക്ക് മരുന്ന് കയറ്റുമതിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റി അയയ്ക്കാൻ ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്നതിനുള്ള അത്യാധുനിക സൗകര്യത്തോടെയാണ് കെട്ടിടം പണിതിട്ടുള്ളത്.

 ലക്ഷ്യം 100 കോടി വിറ്റുവരവ്

പാതിരപ്പള്ളിയിലെ പഴയ പ്ളാന്റ് നിലനിറുത്തിയാണ് പുതിയ പ്ളാന്റിന്റെ പ്രവർത്തനം ആരംഭിക്കുക. ഇത്‌ കമ്മിഷൻ ചെയ്യുന്നതോടെ വിറ്രുവരവ് നിലവിലെ 50 കോടിയിൽ നിന്ന് ഇരട്ടിയാവും.

 ലൈസൻസ്

3000ൽ അധികം ഇനം മരുന്ന് ഉത്പാദിപ്പിക്കുന്നതിനാണ് ലൈസൻസ്. ഇതിൽ മദർടിഞ്ചർ, സിറപ്പ്, ഓയിന്റ്മെന്റ്, ഗുളികകൾ ഉൾപ്പെടെ 150ൽപ്പരം മരുന്നുകളാണ് കൂടുതലായി ഉത്പാദിപ്പിക്കുക.

ചരിത്രം

1975ൽ സംസ്ഥാന സർക്കാരിന്റെ 51ശതമാനവും ഹോമിയോ ഡോക്ടർമാരുടെ 49 ശതമാനവും ഓഹരിയിൽ തുടങ്ങിയ സഹകരണ പ്രസ്ഥാനമാണ് ഹോംകോ. സ്ഥാപനം നഷ്ടത്തിലായതോടെ 1984ൽ സർക്കാർ ഏറ്റെടുത്തു. സർക്കാർ ആവശ്യത്തിനുള്ള മുഴുവൻ മരുന്നുകളുടെയും ഓർഡർ ഹോംകോയ്ക്ക് ലഭിച്ചതോടെ ക്രമേണ ലാഭത്തിലായി. 150 തൊഴിലാളികളുണ്ട്. പുതിയ പ്ലാന്റ് വരുന്നതോടെ തൊഴിൽ സാദ്ധ്യതയും ഇരട്ടിയാകും.

തിരുവനന്തപുരത്തും കണ്ണൂരും

തിരുവനന്തപുരത്ത് മണക്കാട്ടുള്ള 50സെന്റ് സ്ഥലത്ത് പുതിയ സംരംഭം ആരംഭിക്കും. മുണ്ടക്കയത്ത് അഞ്ചേക്കർ സ്ഥലത്ത് ഔഷധ സസ്യങ്ങൾ വളർത്തുന്ന പദ്ധതി വിപുലീകരിക്കും. കണ്ണൂരിൽ സർക്കാർ അനുവദിക്കുന്ന സ്ഥലത്ത് മറ്റൊരു ഫാക്ടറി ആരംഭിക്കാനും പദ്ധതിയുണ്ട്.

"വലിയ കലവൂരിലെ ഫാക്ടറിയുടെ പ്രവർത്തനം ആരംഭിക്കുന്നതോടെ ഹോമിയോ മരുന്ന് ഉത്പാദന രംഗത്ത് വലിയ മുന്നേറ്റമുണ്ടാകും. സംസ്ഥാന സർക്കാരും മന്ത്രി ടി.എം.തോമസ് ഐസകും വികസന പദ്ധതികൾക്ക് വലിയ പിന്തുണ നൽകുന്നുണ്ട്.

ഡോ. പി.ജോയി, മാനേജിംഗ് ഡയറക്ടർ

''വൈറൽ രോഗങ്ങൾക്കും ജീവിതശൈലി രോഗങ്ങൾക്കുമുള്ള മരുന്നുകളാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിൽ കൂടുതലും. വൈറൽ രോഗങ്ങൾ, പനി, ചിക്കൻപോക്സ്, ശ്വാസതടസം, തൊണ്ടവേദന, ഉദരരോഗങ്ങൾ, മുണ്ടിനീര്, വിട്ടുമാറാത്ത സന്ധിവേദന തുടങ്ങിയവയ്ക്കുള്ള മരുന്നുകളാണ് കൂടുതൽ ആവശ്യമായിവരുന്നത്.

-ഡോ. മനു, ആർ.എം.ഒ, ജില്ലാ ഹോമിയോ ആശുപത്രി.