ഹരിപ്പാട്: മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി എലിപ്പനി പ്രതിരോധ മരുന്നു കഴിച്ച വനിതകളായ ആറ് തൊഴിലുറപ്പ് തൊഴിലാളികളെ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും അവസ്ഥ ഗുരുതരമല്ലാത്തതിനാൽ ആരോഗ്യ വകുപ്പ് അധികൃതർ തന്നെ ചികിത്സയ്ക്കു ശേഷം ഇവരെ വീടുകളിലെത്തിച്ചു.

പള്ളിപ്പാട് പഞ്ചായത്ത്‌ ആറ്, എട്ട്‌ വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കാണ് ഛർദ്ദിയും തലകറക്കവും ഉണ്ടായത്. ആറാം വാർഡിൽ ഒരാൾക്കും എട്ടാം വാർഡിൽ അഞ്ചുപേർക്കുമാണ് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. ഇവരെ ആദ്യം പള്ളിപ്പാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരാളെ പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എല്ലാവരും ഏതാനും മണിക്കൂറുകൾക്കുള്ളിൽ രോഗ വിമുക്തരായി.

ഓട വൃത്തിയാക്കലിന്റെ ഭാഗമായി എലിപ്പനി പ്രതിരോധത്തിനുള്ള മരുന്ന് കഴിച്ച് അര മണിക്കൂറിനുള്ളിലാണ് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. മരുന്നുകൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നാണ് വിതരണം ചെയ്‌തത്‌. പഞ്ചായത്തിൽ ആകെ നാനൂറോളം തൊഴിലാളികൾക്ക് മരുന്ന് നൽകിയിരുന്നു.

...................................

ആഹാരം കഴിച്ച ശേഷം മാത്രമേ മരുന്ന് കഴിക്കാവൂ എന്ന് പ്രത്യേകം നിർദ്ദേശിച്ചിരുന്നു. ഇത് പാലിക്കാതിരുന്നതാവാം കാരണം. ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം ആരോഗ്യ വകുപ്പിന്റെ വാഹനത്തിൽ തന്നെ തൊഴിലാളികളെ വീട്ടിലെത്തിച്ചു

(ആരോഗ്യവകുപ്പ് അധികൃതർ)